ജനീവ: യു.എൻ സ്പെഷൽ റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസിനെ ജോർജ്ടൗൺ യൂനിവേഴ്സിറ്റി അഫിലിയേറ്റഡ് പണ്ഡിതരുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി ജനീവ ആസ്ഥാനമായുള്ള സർക്കാറിതര സംഘടനയായ ‘യു.എൻ വാച്ചി’ ന്റെ വെളിപ്പെടുത്തൽ.
ഇസ്രായേൽ ഫലസ്തീനിൽ നടത്തിയത് വംശഹത്യയാണെന്നും അതിൽ ആഗോളതലത്തിലുള്ള കോർപറേറ്റ് സ്ഥാപനങ്ങൾക്കടക്കം പങ്കുണ്ടെന്നും ലോകത്തോട് വിളിച്ചു പറഞ്ഞ, ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടറും ഇറ്റാലിയൻ അഭിഭാഷകയുമാണ് ഫ്രാൻസെസ്ക അൽബനീസ്. യഹൂദവിരുദ്ധതയും ഹോളോകോസ്റ്റ് വിരുദ്ധതയും ആരോപിച്ച് കാനഡ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾ അപലപിച്ച ചരിത്രത്തിലെ ആദ്യത്തെ യു.എൻ ഉദ്യോഗസ്ഥ കുടിയാണിവർ.
അടുത്ത കാലം വരെ, ജോർജ്ടൗൺ യൂനിവേഴ്സിറ്റിയുടെ ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് ഇന്റർനാഷണൽ മൈഗ്രേഷന്റെ’ അഫിലിയേറ്റഡ് സ്കോളേഴ്സ് പേജിൽ ആദ്യം പ്രത്യക്ഷപ്പെട്ട പേര് അൽബനീസിന്റേതായിരുന്നു. എന്നാലിപ്പോൾ, അവരുടെ പേരും ചിത്രവും ഇപ്പോൾ യൂനിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. അൽബനീസിന്റെ ജീവചരിത്ര പേജും യൂനിവേഴ്സിറ്റി വെബ്സൈറ്റിൽ നിന്ന് ഇല്ലാതാക്കി.
ആറ് മാസത്തിലേറെയായി അൽബനീസിനെ നീക്കം ചെയ്യാൻ ‘യു.എൻ വാച്ച്’ ജോർജ്ടൗൺ സർവകലാശാലയോട് ആവശ്യപ്പെടുന്നു. കൂടാതെ, എല്ലാ യു.എസ് സ്ഥാപനങ്ങളും അൽബനീസിനെതിരായ യു.എസ് ഉപരോധങ്ങൾ കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു.
ജോർജ്ടൗൺ സർവകലാശാലയുടെ തന്നെ നീക്കം ചെയ്യാനുള്ള തീരുമാനത്തിന് യു.എസിനെ അൽബനീസ് അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതൊരു വഞ്ചനയെന്നാണ് അൽബനീസ് പറഞ്ഞത്. ‘എനിക്ക് ഒരു യു.എസ് സർവകലാശാലയുമായി ബന്ധമുണ്ടായിരുന്നു. ഞാൻ അവിടെ പ്രഭാഷണം നടത്താറുണ്ടായിരുന്നു. എല്ലാം വെട്ടിച്ചുരുക്കിയിരിക്കുന്നു’ എന്നുമവർ പ്രതികരിച്ചു.



