സുൽത്താൻ ബത്തേരി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം അടിയന്തര ധനസഹായം നൽകുമെന്ന് വനംവകുപ്പ്. കുടുംബത്തിലെ ഒരാൾക്ക് ആശ്രിത നിയമത്തിനു ശുപാർശ ചെയ്യും. കടുവയെ പിടികൂടാൻ വനം വകുപ്പ് നടപടി ആരംഭിച്ചു. കടുവയെ വെടിവച്ച് കൊല്ലാൻ ശുപാർശ ചെയ്യുമെന്നും ഡിഫ്ഒ പറഞ്ഞു. പ്രജീഷിന്റെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
പ്രജീഷിന്റെ മൃതദേഹം മാറ്റാനനുവദിക്കാതെ പ്രദേശവാസികള്‍ പ്രതിഷേധിക്കുകയായിരുന്നു. കടുവയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികൾ പ്രതിഷേധിച്ചത്. ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി തീരുമാനമാകാതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. ഒടുവിൽ ഡിഎഫ്ഒ ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കുകയായിരുന്നു.
വാകേരി കൂടല്ലൂര്‍ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പില്‍ പ്രജീഷ് (36) ആണ് മരിച്ചത്. ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. രാവിലെ തോട്ടത്തിലേക്കിറങ്ങിയ ആളെ ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.
കടുവയുടെ സാന്നിധ്യം കണ്ടതിനെത്തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തോട്ടം തൊഴിലാളികളും ക്ഷീരകര്‍ഷകരും കൂടുതലായുള്ള പ്രദേശത്ത് നിരവധി പേര് കടുവയെ നേരില്‍ക്കണ്ടിട്ടുണ്ട്. ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചിരുന്നു. ഇവര്‍ കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനിടയിലാണ് ഈ ദാരുണസംഭവം ഉണ്ടായിരിക്കുന്നത്.