തിരുവനന്തപുരം: ദേവർകാേവിൽ എന്ന എന്റെ നാടിന്റെ പേരിൽ അറിയപ്പെട്ടിരുന്ന എന്നെ ഇപ്പാേൾ നാട്ടിൽ വിളിക്കുന്നത് വിഴിഞ്ഞം എന്നാണെന്നും കേരളത്തിന്റെ സ്വപ്ന പദ്ധതിയുടെ ചുമതല വഹിക്കുന്ന മന്ത്രി എന്ന നിലയിൽ അതിനെ ഒരു ബഹുമതിയായി കാണുകയാണെന്നും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. 2024 മെയ് മാസത്തിൽ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കി വിഴിഞ്ഞം തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം പ്രസ് ക്ലബ്ബിന്റെ ലോഗോ പ്രകാശനവും അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവളം ഉദയ സമുദ്ര ബീച്ച് റിസോർട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് അയൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ഗതിവേഗം കൂട്ടി തുറമുഖം യാഥാർത്ഥ്യമാക്കാൻ ആവശ്യമായ നിർദ്ദേശങ്ങളും പിന്തുണയുമായി സജീവമായി പ്രവർത്തിക്കുന്ന തുറമുഖ വകുപ്പ് മന്ത്രിയെ ചടങ്ങിൽ വിഴിഞ്ഞം പ്രസ് കബ്ബ് ആദരിച്ചു.
ഹാേസ്പിറ്റാലിറ്റി മേഖലയിൽ അന്തർദേശീയ തലത്തിൽ നിരവധി അവാർഡുകൾ നേടിയ ഉദയ സമുദ്ര സിഎംഡിഎസ് രാജശേഖരൻ നായരെ മന്ത്രി അഹമ്മദ് ദേവർ കാേവിൽ ആദരിച്ചു. വെങ്ങാനൂർ, പൂവ്വാർ, കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ എസ് ശ്രീകുമാർ, ജെ ലോറൻസ് ബി, ഷൈലജ കുമാരി, ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എസ് സാജൻ, വിഴിഞ്ഞം പ്രസ് ക്ലബ് സെക്രട്ടറി സി ഷാജി മോൻ, ട്രഷറർ എസ് രാജേന്ദ്ര കുമാർ, വെെസ് പ്രസിഡന്റ് സിന്ധു രാജൻ, ജോയിൻ്റ് സെക്രട്ടറി സതീഷ് കരുംകുളം, അംഗങ്ങളായ പ്രദീപ് ചിറയ്ക്കൽ, രാജൻ വി. പാെഴിയൂർ, അലക്സ് സാം മാത്യു, സനൽ മന്നം നഗർ, നിഖിൽ പ്രദീപ്, അരുൺ, സനാേഫർ, മുജീബ് റഹ്‌മാൻ തുടങ്ങിയവർ പങ്കെടുത്തു.