Friday, January 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'വീരാരാധനയിലൂടെയാണ് ഹിറ്റ്ലർ ഉണ്ടായത്'; എംടിയുടെ വിവാദ പ്രസംഗത്തിൽ സക്കറിയ

‘വീരാരാധനയിലൂടെയാണ് ഹിറ്റ്ലർ ഉണ്ടായത്’; എംടിയുടെ വിവാദ പ്രസംഗത്തിൽ സക്കറിയ

കോഴിക്കോട്: അമിതാധികാരത്തിനെതിരെ എം ടി വാസുദേവൻ നായർ നടത്തിയ പ്രസം​ഗത്തിൽ പറയുന്നത് ഗൗരവമേറിയ വിഷയമെന്ന് സാഹിത്യകാരൻ സക്കറിയ. എംടി പറഞ്ഞതിനെ ഇഷ്ടമുള്ളതുപോലെ വായിക്കാം. വ്യക്തി പൂജയ്ക്ക് ശിശുക്കൾ പോലും എതിരാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായും മതപരമായും വീരാരാധനയുള്ള മണ്ടൻ സമൂഹമാണ് നമ്മുടേത്. വീരാരാധനയിലൂടെയാണ് ഹിറ്റ്ലർ ഉണ്ടായത്. രാഷ്ട്രീയ ചർച്ചയ്ക്ക് താൽപര്യമില്ലെന്നും സക്കറിയ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു എംടിയുടെ വിമർശനം. നേതൃപൂജകളിൽ ഇഎംഎസ്സ് വിശ്വസിച്ചില്ലെന്നും ഇഎംഎസ്സാണ് യഥാർഥ കമ്യൂണിസ്റ്റെന്നും എംടി ചൂണ്ടിക്കാണിച്ചു. അധികാരത്തിലുള്ളവർ അത് ഉൾക്കൊള്ളണം. അധികാരം എന്നാൽ ആധിപത്യമോ, സർവ്വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നും എം ടി കുറ്റപ്പെടുത്തി. വിപ്ലവം നടത്തിയ ജനാവലി ആൾക്കൂട്ടം ആയി മാറുന്നു. ഈ ആൾക്കൂട്ടത്തെ, ആരാധകരും, പടയാളികളും ആക്കുന്നു എന്ന ശക്തമായ വിമർശനവും എംടി ഉന്നയിച്ചു.

ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യം അല്ല സ്വാതന്ത്ര്യം എന്നും കെഎൽഎഫ് (കേരള ലിറ്ററേച്ച‍ർ ഫെസ്റ്റ്) ഉദ്ഘാടന വേദിയിൽ എംടി ചൂണ്ടിക്കാണിച്ചു. ചടങ്ങിൻ്റെ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തിലായിരുന്നു എഴുതി തയ്യാറാക്കിയ പ്രസംഗത്തിൽ ഇഎംഎസിനെ മാതൃകയാക്കണമെന്ന് എംടി ചൂണ്ടിക്കാണിച്ചത് എന്നതാണ് ശ്രദ്ധേയം.

‘ഇഎംഎസ് അധികാരം ഉപയോഗിച്ച് ജനങ്ങളെ ഉത്തരവാദിത്തമുള്ള സമൂഹമാക്കി, അധികാരം നേടിയതോടെ കമ്യൂണിസ്റ്റ് പാർട്ടി ലക്ഷ്യം പൂർത്തിയാക്കി എന്ന് അദ്ദേഹം കരുതിയില്ല, അതാണ് ഇഎംഎസിനെ മഹാനായ നേതാവ് ആക്കിയത്. നേതൃപൂജകളിൽ അദ്ദേഹത്തെ കാണാത്തതിന് കാരണവും അതുതന്നെ. നേതാവ് ഒരു നിമിത്തം അല്ല ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് അധികാരത്തിൽ ഉളളവർ തിരിച്ചറിയണം’ എംടി പറഞ്ഞു.

ഇതിന് പിന്നാലെ സാമൂഹിക രാഷ്ട്രീയ രം​ഗത്തെ നിരവധി പേ‍ർ പ്രതികരണവുമായെത്തി. എംടി പറഞ്ഞത് മുഖ്യമന്ത്രിയെ കുറിച്ചല്ലെന്നും മോദിക്കെതിരെയാണെന്നുമായിരുന്നു എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പ്രതികരണം. എന്നാൽ എംടിയുടെ വിമ‍ർശനം മുഖ്യമന്ത്രിക്ക് നേരെയാണെന്ന് കോൺ​ഗ്രസ് നേതാക്കളും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമടക്കമുള്ളവ‍ർ വാദിച്ചു. എഴുത്തും വായനയുമറിയുന്നവ‍ർക്ക് കാര്യം മനസ്സിലാകുമെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

എംടിയുടെ വിവാദ പരാമർശം ഇടതുപക്ഷത്തെക്കുറിച്ചാണെന്നും ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്നും സാഹിത്യകാരൻ എൻ എസ് മാധവനും പ്രതികരിച്ചു. എംടി ഒരുക്കിയത് ഒരു വലിയ അവസരമാണ്. കോൺഗ്രസിനെയോ ബിജെപിയെയോ എംടി വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com