പി.പി ചെറിയാൻ
ഡിലാൻഡ് (ഫ്ലോറിഡ): സ്കൂൾ ബസ് കാത്തുനിന്ന കുട്ടിയെ ആക്രമിക്കുകയും തടയാൻ വന്നവരെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത 36-കാരൻ പിടിയിലായി. ക്രിസ്റ്റഫർ സ്റ്റീവൻ ഷ്വാബിൾ എന്നയാളെയാണ് ഡിലാൻഡ് പോലീസ് അറസ്റ്റ് ചെയ്തത്. ജയിലിൽ നിന്ന് മോചിതനായി ദിവസങ്ങൾക്കുള്ളിലാണ് ഇയാൾ വീണ്ടും അക്രമം നടത്തിയത്.
ബസ് സ്റ്റോപ്പിൽ നിന്നിരുന്ന ഒരു ഏഴാം ക്ലാസ് വിദ്യാർത്ഥിയെ ഷ്വാബിൾ പെട്ടെന്ന് വന്ന് കഴുത്തുഞെരിക്കുകയായിരുന്നു. കുട്ടി കുതറി ഓടിയതോടെ തടയാൻ വന്ന നാട്ടുകാരെ ഇയാൾ കത്തികാട്ടി ഭീഷണിപ്പെടുത്തി.
അക്രമിയെ തടയാനായി ഒരു ദൃക്‌സാക്ഷി കയ്യിലുണ്ടായിരുന്ന ടൂൾബോക്സ് ഉപയോഗിച്ച് പ്രതിരോധിക്കുകയും പോലീസ് വരുന്നത് വരെ ഇയാളെ കീഴ്പ്പെടുത്തി വെക്കുകയും ചെയ്തു.
കുട്ടിയുടെ വിരലിന് പരിക്കേറ്റിട്ടുണ്ട്. കുട്ടിയും കുടുംബവും വലിയ ആഘാതത്തിലാണ്. പ്രതി നിലവിൽ വൊലൂഷ്യ കൗണ്ടി ജയിലിലാണ്.



