തിരുവനന്തപുരം: യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും ഒരുമിച്ചുനിന്ന് സ്ത്രീധനവിരുദ്ധ ക്യാമ്പയിൻ നടത്തണമെന്ന് കോൺഗ്രസ് നേതാവ് എം എം ഹസ്സൻ. സ്ത്രീധന വിഷയത്തിൽ രാഷ്ട്രീയം നോക്കാതെ പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കാൻ ഒരുമിച്ച് നിൽക്കണം. ഷഹനയുടെ മരണം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. കേസ് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷിക്കാൻ എൽപ്പിക്കണം. മാതൃകാപരമായ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കാൻ നമ്മൾ ഒരുമിച്ചു നിൽക്കണം.
സർക്കാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും യുവജന പ്രസ്ഥാനങ്ങളും ഒരുമിച്ചു നിന്ന് ബോധവൽക്കരണം നടത്തണം. വിവാഹത്തിലെ ആഡംബരം നിയന്ത്രിക്കാൻ തന്നെ ഇടപെടൽ വേണം. സ്ത്രീയിൽ നിന്ന് ധനം വാങ്ങാൻ ഒരു മതത്തിലും പറയുന്നില്ല. വിവാഹം പൊങ്ങച്ചത്തിന്റെ ഘടകമായി മാറിയിരിക്കുന്നു. ആഡംബരവിവാഹം നടത്തട്ടെ, അതിന് നികുതി വാങ്ങുന്ന രീതി കൊണ്ടുവരണമെന്നും എം എം ഹസ്സൻ പറഞ്ഞു
നവകേരള സദസ്സ് സർക്കാറിന്റെ അന്ത്യം കുറിക്കും. സെക്രട്ടറിയേറ്റിൽ ഫയലുകൾ കെട്ടിക്കിടക്കുമ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എ സി ബസ്സിൽ സഞ്ചരിക്കുന്നത്. മർദ്ദക വീരനാണ് മുഖ്യമന്ത്രിയെന്നും ഫാസിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായിയെന്നും എം എം ഹസ്സൻ കുറ്റപ്പെടുത്തി. സർ സിപിയുടെ അവതാരമാണ് പിണറായി വിജയൻ. ജനദ്രോഹിയായ പിണറായിയുടെ നാളുകൾ എണ്ണപ്പെട്ടു. നവകേരള സദസ്സിലൂടെ സർക്കാരിന്റെ അന്ത്യം കുറിച്ചു കഴിഞ്ഞു.
ഗവർണർ തെരുവുനാടകം കളിക്കുന്നുവെന്ന് പരിഹസിച്ചും എം എം ഹസ്സൻ. ഗവർണറുടെ നാടകം കേരളത്തിന് അപമാനമാണ്. പൊലീസുകാരുടേത് ചവിട്ടുനാടകമാണ്. ക്രിമിനൽ മനോഭാവമുള്ള മുഖ്യമന്ത്രിയാണ് പിണറായിയെന്നും ഗവർണർ പറയുന്നത് ശരിയാണെന്നും എന്നാൽ ഗവർണറെ ന്യായീകരിക്കുന്നില്ലെന്നും എം എം ഹസ്സൻ പറഞ്ഞു.
തറവാട്ടിൽ ആനയെ കെട്ടുന്നതുപോലെ ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരിക്കുന്നു. ക്ലിഫ് ഹൗസ്സിലെ സ്വിമ്മിംഗ് പൂളിൽ പിണറായി വിജയനാണോ അദ്ദേഹത്തിൻറെ പട്ടിയാണോ കുളിക്കുന്നത്? പണമില്ലാത്ത ട്രെഷറിയിൽ പൂച്ച പെറ്റുകിടക്കുകയാണ്. കേരള ചരിത്രത്തിൽ ഇതുപോലെ അഴിമതി ഭരണം ഉണ്ടായിട്ടില്ലെന്നും എം എം ഹസ്സൻ കുറ്റപ്പെടുത്തി.