തിരുവനന്തപുരം: കെപിസിസി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പങ്കെടുക്കും. കൂടിയാലോചനകള്‍ ഇല്ലെന്ന എംപിമാരുടെ പരാതികള്‍ക്ക് ഇടയിലാണ് യോഗം ചേരുന്നത്. നേതൃത്വത്തിന് എതിരെ കെ മുരളീധരന്‍ ഉന്നയിച്ച വിമര്‍ശനങ്ങളുള്‍പ്പടെ യോഗത്തില്‍ ചര്‍ച്ചയായേക്കും.
മുരളീധരന്‍ ഉള്‍പ്പെടെ എംപിമാര്‍ ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ പുനഃസംഘടനയും മുടങ്ങിയിരുന്നു. രാഷ്ട്രീയകാര്യ സമിതി വിളിക്കണമെന്ന മുതിര്‍ന്ന നേതാക്കളുടെ ആവശ്യം കെപിസിസി അംഗീകരിച്ചിട്ടുമില്ല. പാര്‍ലമെന്റ് സമ്മേളനം തുടരുന്നതിനാല്‍ ഭൂരിഭാഗം എംപിമാരും യോഗത്തില്‍ പങ്കെടുത്തേക്കില്ല. രാഹുല്‍ ഗാന്ധിയ്ക്ക് വയനാട്ടില്‍ നല്‍കുന്ന സ്വീകരണവും കെപിസിസി 138 ചാലഞ്ചും എഐസിസിയുടെ പ്രക്ഷോഭങ്ങളുമാണ് യോഗത്തിലെ പ്രധാന അജണ്ട.
ബ്ലോക്ക്, ഡിസിസി പുനഃസംഘടന വൈകുന്നതും വിമര്‍ശനമായി യോഗത്തില്‍ ഉയര്‍ന്നേക്കും. കെപിസിസിക്ക് ലഭിച്ച പട്ടിക പരിശോധിക്കാന്‍ 12 അംഗ സ്‌ക്രീനിംഗ് കമ്മിറ്റിയെ നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനിടയില്‍ കെ മുരളീധരന്‍ നേതൃത്വത്തിനെതിരെ ഉന്നയിച്ച കടുത്ത വിമര്‍ശനവും യോഗത്തില്‍ ചര്‍ച്ചയാകും. വൈക്കം സത്യാഗ്രഹം ജൂബിലിയില്‍ മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാത്തതിലാണ് പ്രതിഷേധം. അവഗണിച്ചെന്ന മുരളീധരന്റെ പരാതിയെ പിന്തുണച്ച് ശശി തരൂരും എം കെ രാഘവനും രംഗത്തെത്തിയത് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. പരസ്യമായി അമര്‍ഷം പ്രകടിപ്പിച്ച മുരളീധരന്‍ ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.