Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅതിദാരുണാപകടം; സ്ഥലം സന്ദർശിക്കാൻ പ്രധാനമന്ത്രി ഒഡീഷയിലേക്ക്, റയിൽവേ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം

അതിദാരുണാപകടം; സ്ഥലം സന്ദർശിക്കാൻ പ്രധാനമന്ത്രി ഒഡീഷയിലേക്ക്, റയിൽവേ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം

ഡൽഹി  : രാജ്യം നടുങ്ങിയ ട്രെയിൻ ദുരന്തമുണ്ടായ ഒഡീഷയിലെ ബാലസോർ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശിക്കും. ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. സുരക്ഷാവീഴ്ചയുണ്ടായെന്നാണ് നിഗമനം. മൂന്ന് ട്രെയിനുകളാണ് ബാലസോറിൽ വെച്ച് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം അന്തിമഘട്ടത്തിലാണെന്നും ഗതാഗതം വേഗത്തിൽ പുനസ്ഥാപിക്കുമെന്നും അമിതാഭ് ശർമ്മ അറിയിച്ചു.  

രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ 280 പേരാണ് മരിച്ചത്. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. 238 മരണമാണ് റെയിൽവേ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ട് 6.55 നാണ് രാജ്യത്തെയാകെ നടുക്കിയ അപകടമുണ്ടായത്. പശ്ചിമ ബംഗാളിലെ ഷാലിമാരിൽ നിന്ന് പുറപ്പെട്ട, 12841 ഷാലിമാർ- ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ്, ഒഡീഷയിലെ ബാലസോറിൽ എത്തിയപ്പോൾ പാളംതെറ്റി മറയുകയായിരുന്നു. മൊത്തം പതിനേഴ് കോച്ചുകളാണ് പാളം തെറ്റിയത്. പാളംതെറ്റി മറിഞ്ഞു കിടന്ന കോറമാണ്ഡൽ എക്സ്പ്രസിലേക്ക് ബംഗളൂരുവിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന 12864 നമ്പർ സൂപ്പർഫാസ്റ്റ് ട്രെയിൻ ഇടിച്ചുകയറിയതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിച്ചത്. അപകടമുന്നറിയിപ്പ് നൽകുന്നതിലെ വീഴ്ചയാണ് ഈ രണ്ടാമത്തെ ദുരന്തമുണ്ടാക്കിയത്. ബംഗളൂരു ഹൗറ ട്രെയിനിന്റെ നാല് ബോഗികൾ പൂർണ്ണമായി തകർന്നു. രണ്ടാമതായി ഇടിച്ചു കയറിയ ബംഗളൂരു- ഹൗറ ട്രെയിനിന്റെ ബോഗികൾ തൊട്ടടുത്ത ട്രാക്കിൽ ഉണ്ടായിരുന്ന ചരക്ക് തീവണ്ടിക്കു മുകളിലേക്ക് പതിച്ചതോടെ ദുരന്തത്തിന്റെ ആഘാതം ഇരട്ടിയായി. 

എസ്എംവിടി – ഹൗറ എക്സ്പ്രസിൽ ജനറൽ കോച്ചുകളിൽ ഉള്ളവർക്കാണ് പരിക്കേറ്റത്.  ഈ ട്രെയിനിന്റെ റിസർവ്ഡ് കോച്ചുകളിലുള്ളവർ സുരക്ഷിതരാണെന്ന് സൗത്ത് വെസ്റ്റ് റെയിൽവേ അറിയിച്ചു. തകർന്ന ജനറൽ ബോഗികളും ബ്രെക്ക് വാനും ഉയർത്താൻ ശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്നും സൗത്ത് വെസ്റ്റ്‌ റെയിൽവേ അറിയിച്ചു.  

റെയിൽവേ മന്ത്രി അശ്വനിവൈഷ്ണവ് അപകടം നടന്ന സ്ഥലത്തുണ്ട്.  അപകടത്തിൽ പെട്ടവർക്ക് എല്ലാ സഹായവും നൽകുമെന്നും എയിംസ് ആശുപത്രികളിലടക്കം സജ്ജീകരണം ഏർപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ഇപ്പോൾ മുഴുവൻ ശ്രദ്ധയും രക്ഷാപ്രവർത്തനത്തിലാണ്. ട്രെയിൻ ഗതാഗതം വേഗത്തിൽ പുന:സ്ഥാപിക്കും. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കും. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും അശ്വിനി വൈഷ്ണവ് വിശദമാക്കി. 

എന്നാൽ അപകടത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻസിപി അടക്കമുള്ള പാർട്ടികൾ റെയിൽവേ മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു. ബംഗാൾ  മുഖ്യമന്ത്രി മമത ബാനർജി അൽപ്പസമയത്തിനകം അപകടസ്ഥലത്തെത്തും. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com