ന്യൂഡൽഹി: ഇന്ത്യയിലെ അദാനി പോർട്‌സ് അടക്കം മൂന്ന് കമ്പനികളെ നോർവേ സെൻട്രൽ ബാങ്ക് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. നോർവേയിലെ ഗവൺമെൻ്റ് പെൻഷൻ ഫണ്ട് ഗ്ലോബലിൽ നിന്ന് കമ്പനിയെ പുറത്താക്കിക്കൊണ്ടാണ് നോർഷേ ബാങ്ക് നടപടി. യുദ്ധത്തിൻ്റെയും സംഘർഷത്തിൻ്റെയും സമയത്ത് വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കും വിധത്തിലുള്ള നീക്കങ്ങൾക്ക് സഹായകരമായി പ്രവർത്തിച്ചതിലെ അപകടം മുൻനിർത്തിയാണ് തീരുമാനമെന്ന് ബാങ്ക് അറിയിച്ചു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന എൽ3ഹാരിസ് ടെക്നോളജീസ്, ചൈനയിൽ നിന്നുള്ള വൈഷെ പവർ എന്നിവയാണ് കരിമ്പട്ടികയിൽപെട്ട മറ്റ് രണ്ട് കമ്പനികൾ.
ലോകത്തെ വലിയ സ്ഥാപനങ്ങളിൽ ഒന്നാണ് നോർവെയിലെ ഗവൺമെൻ്റ് പെൻഷൻ ഫണ്ട് ഗ്ലോബൽ(ജിപിഎഫ്‌ജി). ലോകത്തെ ലിസ്റ്റഡ് കമ്പനികളിൽ 1.5% വരെ ഓഹരി പങ്കാളിത്തം ഇവർക്കുണ്ട്. 9000 കമ്പനികളിൽ ലോകമാകെ ഇവർക്ക് നിക്ഷേപവുമുണ്ട്. ഇവരുടെ തന്നെ റിപ്പോർട്ട് പ്രകാരം അദാനി പോർട്സിൽ 0.24% ഓഹരികളാണ് ജിപിഎഫ്‌ജിക്ക് ഉള്ളത്. 2023 ഡിസംബറിലെ കണക്കാണിത്. അദാനി ഗ്രൂപ്പിന് കീഴിലെ മറ്റ് ചില കമ്പനികളിലും ജിപിഎഫ്‌ജി നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാൽ അദാനി പോർട്സിലടക്കം മൂന്ന് കമ്പനികളിൽ ഇനി ഓഹരി പങ്കാളിത്തത്തിന് ജിപിഎഫ്‌ജി തയ്യാറാകില്ല.