സൂറത്ത്: പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്ഗാനിൽ നിന്നെത്തി ഗുജറാത്തിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി വനിത. റസിയ മുറാദി എന്ന അഫ്ഗാൻ വനിതയാണ് അഫ്ഗാൻ സ്ത്രീകളെയൊന്നാകെ പ്രചോദിപ്പിക്കുന്ന നേട്ടം കരസ്ഥമാക്കിയത്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സ്ത്രീകളെ ഞാൻ പ്രതിനിധീകരിക്കുന്നുവെന്നും അവസരം ലഭിച്ചാൽ സ്ത്രീകൾക്ക് ഏത് മേഖലയിലും മികവ് പുലർത്താൻ കഴിയുമെന്ന് താലിബാനെ അറിയിക്കാൻ ആഗ്രഹിക്കുകയാണെന്നും റസിയ മുറാദി പറഞ്ഞു.
വീർ നർമദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് എംഎ പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ അഫ്ഗാൻ പൗരനായ മുറാദി സ്വർണമെഡൽ നേടിയത്. കഴിഞ്ഞ മൂന്ന് വർഷമായി അഫ്ഗാനിസ്ഥാനിലെ തന്റെ കുടുംബത്തെ കാണാൻ മുറാദിക്ക് കഴിഞ്ഞിട്ടില്ല. 8.60 ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് നേടിയാണ് മുറാദി ഒന്നാമതെത്തിയത്. 2022 ഏപ്രിലിലാണ് റസിയ മുറാദിഎംഎ പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു മെഡൽദാന ചടങ്ങ്. ഇപ്പോൾ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ പിഎച്ച്ഡി ചെയ്യുകയാണ്. ഇന്ത്യയിലെത്തിയ ശേഷം, കൊവിഡ് ലോക്ക്ഡൗൺ കാരണം ഓൺലൈൻ രീതിയിലായിരുന്നു പഠനം. മിക്ക ക്ലാസുകളും പരീക്ഷകളും ആദ്യ രണ്ട് സെമസ്റ്റർ പരീക്ഷകളും ഓൺലൈനായിരുന്നു.
പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് വിലക്കിയ താലിബാന്റെ നടപടി ലജ്ജാകരമാണെന്ന് മുറാദി പറഞ്ഞു. എനിക്ക് ഈ അവസരം നൽകിയതിന് ഇന്ത്യൻ ഗവൺമെന്റ്, ഐസിസിആർ, വിഎൻഎസ്ജിയു, ഇന്ത്യയിലെ ജനങ്ങൾ എന്നിവരോട് ഞാൻ കടപ്പെട്ടിരിക്കുന്നുവെന്നും വ്യക്തമാക്കി.
മെഡൽ ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്, പക്ഷേ മൂന്ന് വർഷമായി വീട്ടുകാരെ കാണാൻ കഴിയാത്തതിൽ അതിയായ സങ്കടമുണ്ട്. ഫോണിലാണ് വീട്ടുകാരുമായി ബന്ധപ്പെടുന്നതെന്നും മുറാദി പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ഐസിസിആർ) സ്‌കോളർഷിപ്പോടെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 14,000 വിദ്യാർത്ഥികളാണ് ഇന്ത്യയിൽ പഠിക്കുന്നത്.
അതേസമയം, അവധിക്ക് ശേഷം അഫ്ഗാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നെങ്കിലും സ്ത്രീകൾക്ക് പ്രവേശനമില്ല. 2021 ഓഗസ്റ്റിൽ താലിബാൻ വീണ്ടും അധികാരത്തിൽ വന്നതിനുശേഷം സ്ത്രീകൾക്ക് ഏർപ്പെടുത്തിയ നിരവധി നിയന്ത്രണങ്ങൾ തുടരുകയാണ്. എംഎ പഠനത്തിനായി ഇന്ത്യയിലെത്തി മുറാദിന് താലിബാൻ അധികാരത്തിലേറിയ ശേഷം തിരികെ മടങ്ങാൻ കഴിഞ്ഞില്ല. അന്താരാഷ്ട്ര സമൂഹം ഇടപെട്ട് അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് മറ്റുരാജ്യങ്ങളിലെ ആളുകൾ ജീവിക്കുന്നതുപോലെ ജീവിക്കാൻ സൗകര്യമൊരുക്കണമെന്നും മുറാദ് ആവശ്യപ്പെട്ടു.