സ്ത്രീ സ്വാതന്ത്ര്യങ്ങൾക്കും അവകാശങ്ങള്‍ക്കും എതിരാണെന്ന് വീണ്ടും പ്രഖ്യാപിച്ച് കൊണ്ട് താലിബാന്‍ രാജ്യത്തെ പരിമിതമായ സ്ത്രീ സ്വാതന്ത്ര്യവും അവസാനിപ്പിക്കാനൊരുങ്ങുന്നു. ഏറ്റവും ഒടുവിലായി സ്ത്രീകളുടെ ബ്യൂട്ടി സലൂണുകൾ ഒരു മാസത്തിനകം അടച്ചുപൂട്ടാൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഉത്തരവിട്ടതായി സദാചാര മന്ത്രാലയം അറിയിച്ചു. ‘സ്ത്രീകൾക്കുള്ള ബ്യൂട്ടി പാർലറുകൾ അടച്ചുപൂട്ടാനുള്ള സമയപരിധി ഒരു മാസമാണ്,’ നോട്ടീസിനെ പരാമർശിച്ചുകൊണ്ട് ദുര്‍മാര്‍ഗ്ഗം തടയാനും സദാചാരം വളര്‍ത്തുന്നതിനുമുള്ള മന്ത്രാലയത്തിന്‍റെ (Ministry for the Prevention of Vice and Propagation of Virtue) വക്താവ് മുഹമ്മദ് സാദിഖ് ആകിഫ് ഇന്നലെ പറഞ്ഞു.
2021 ഓഗസ്റ്റ് 15 ന് യുഎസ് സൈന്യം പിന്മാറിയതിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍റെ അധികാരം ഏറ്റെടുത്ത താലിബാന്‍ ഭരണകൂടം രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങള്‍ ഒന്നൊന്നായി അവസാനിപ്പിക്കുകയാണ്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ പെണ്‍കുട്ടികള്‍ക്കുള്ള ഹൈസ്കൂളുകളും സര്‍വകലാശാലകളും അടച്ച് പൂട്ടിയിരുന്നു. പെണ്‍ കുട്ടികള്‍ക്ക് ആറാം ക്ലാസ് വിദ്യാഭ്യാസം നേടാനെ ഇപ്പോള്‍ രാജ്യത്തെ നിയമം അനുവദിക്കുന്നൊള്ളൂ. പിന്നാലെ സര്‍ക്കാര്‍, സ്വകാര്യ ജോലികളില്‍ നിന്ന് സ്ത്രീകളെ പിരിച്ച വിട്ടു. പൊതുകുളിമുറികള്‍, ജിമ്മുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ബന്ധുവായ പുരുഷന്‍റെ കൂടെ മാത്രമേ സ്ത്രീകള്‍ക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റൂ. മറിച്ച് ഒറ്റയ്ക്ക് പുറത്തിറങ്ങുന്ന സ്ത്രീകളെ വാഹനങ്ങളില്‍ കയറ്റരുതെന്നും താലിബാന്‍ വിധിച്ചു.
ഒന്നാം താലിബാന്‍ ഭരണകൂടത്തെ അധികാരത്തില്‍ നിന്നും പുറത്താക്കി യുഎസിന്‍റെ നേതൃത്വത്തില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഭരണമേറ്റെടുത്തത് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കാബൂളിലും അഫ്ഗാനിസ്ഥാനിലെ മറ്റ് പ്രധാന നഗരങ്ങളിലും ബ്യൂട്ടി സലൂണുകള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, താലിബാന്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ സലൂണുകള്‍ക്ക് പുറത്ത് വരച്ച് വച്ചിരുന്ന സ്ത്രീകളുടെ ചിത്രങ്ങളില്‍ കറുത്ത ചായം അടിക്കുകയും സ്ത്രീകള്‍ നടത്തിയിരുന്നതും ജോലി ചെയ്തിരുന്നതുമായ സലൂണുകള്‍ പൂട്ടിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സ്വാതന്ത്ര്യത്തിന് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ലോകരാജ്യങ്ങള്‍ പ്രതിഷേധം അറിയിക്കുകയും അഫ്ഗാനിസ്ഥാനിലേക്കുള്ള ധനസഹായം നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ ലക്ഷക്കണക്കിന് കുട്ടികള്‍ ആഹാരമില്ലാതെ പട്ടിണി കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.