പത്തനംതിട്ട: പത്തനംതിട്ടയിൽ വിപണിയില്ലാതെ മഞ്ഞൾ കർഷകൻ പ്രതിസന്ധിയിൽ. കുളനട സ്വദേശി വിനീതാണ് കസ്തൂരി മഞ്ഞൾ കൃഷിയിറക്കി ബുദ്ധിമുട്ടിലായത്. വാങ്ങാൻ ആളില്ലാതായതോടെ മൂന്നൂറ് കിലോയോളം കസ്തൂരി മഞ്ഞളാണ് വിളവെടുക്കാതെ മണ്ണിനടിയിൽ കിടന്ന് നശിക്കുന്നത്.
വർഷം കുറെയായി വിനീത് മണ്ണിൽ പണിയെടുക്കാൻ തുടങ്ങിയിട്ട്. പല തരം വിളകൾ മാറി മാറി പരീക്ഷിച്ചു. ഏറ്റവും ഒടുവിലേത്താതാണ് മഞ്ഞൾ കൃഷി. സാധാരണ മഞ്ഞളിൽ നിന്ന് തുടങ്ങി കസ്തൂരി മഞ്ഞളും നട്ടു. ഒരു കിലോ വിത്തിന് അഞ്ഞൂറ് രൂപ വരെ നൽകിയാണ് കസ്തൂരി മഞ്ഞൾ വാങ്ങിയത്. ഒന്നര ഏക്കറിൽ വിത്ത് നടാനുള്ള ചെലവ് വേറെ. പക്ഷെ വിത്ത് മുളച്ച് വിളവെടുക്കാൻ പാകമായപ്പോൾ പ്രതീക്ഷകളെല്ലാം മങ്ങി. വിനീതിന് മുന്പെങ്ങും ഉണ്ടാവാത്ത വിധം കൃഷിയിൽ കൈപൊള്ളി.
ആയുർവേദ മരുന്നുകൾക്കും മറ്റും വ്യാപകമായി കസ്തൂരി മരുന്ന് ഉപയോഗിക്കുന്നതിനാൽ വിപണനം എളുപ്പമാകുമെന്ന കണക്കുകൂട്ടലിൽ ആണ് വിനീത് കൃഷി തുടങ്ങിയത്. നിലവിൽ പല ആയുർവേദ ആശുപത്രികളേയും കന്പനികളെയു സമീപിച്ചങ്കിലും ഫലം ഉണ്ടായില്ല. കൃഷി വകുപ്പും നേരിട്ട് കസ്തൂരി മഞ്ഞൾ സംഭരിക്കുന്നില്ല. വിനീത് കൃഷി ചെയ്യുന്ന സാധാരണ മഞ്ഞൾ ഉണക്കിപെടിച്ച് കവറുകളിലാക്കി സ്വന്തം കടയിൽ വിൽക്കുന്നുണ്ട്. ഇതിന് പുറമെ കരിമഞ്ഞളും മഞ്ഞകൂവയുമെല്ലാം തോട്ടത്തിലുണ്ട്