ദില്ലി: നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാൻ കേന്ദ്രസർക്കാർ നിയമങ്ങൾ കർശനമാക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. തട്ടിപ്പ് തടയാനുളള ഉത്തരവാദിത്തം സമൂഹ മാധ്യമങ്ങൾക്കുണ്ടെന്നും ഇതിനായി നിയമങ്ങൾ കർശനമാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
നിർമ്മിത ബുദ്ധിയിലൂടെ നിർമ്മിച്ച സച്ചിന്റെ ഡീപ് ഫെയ്ക് വീഡിയോ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ രാജ്യത്ത് വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് നിയമം കർശനമാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം. ലോകത്തെ എല്ലാ സർക്കാറുകൾക്കും നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള തട്ടിപ്പ് തടയുക വലിയ വെല്ലുവിളിയായിരിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യ ഇത്തരം തട്ടിപ്പ് തടയാനുള്ള നടപടികളിൽ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. വ്യാജ ഉള്ളടക്കം പ്രചരിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനുള്ള ബാധ്യത അതാത് സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾക്കാണ്. ഇതിനായി നിയമം ശക്തിപ്പെടുത്തുമെന്ന് മന്ത്രി വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.
ഇന്ത്യയിൽ വില്‍ക്കുന്ന മൊബൈൽ ഫോണുകൾ ഇന്ന് രാജ്യത്ത് തന്നെ നിർമ്മിക്കുന്നതാണ്. ഡിജിറ്റൽ രംഗത്ത് ഇന്ത്യ ഏറെ മുന്നോട്ട് പോയി. വനിതകൾക്ക് എല്ലായിടത്തും ഉയരാൻ തുല്യ അവസരം ഉണ്ടെന്നും മന്ത്രി പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ ചെറുപ്പക്കാരുള്ള രാജ്യമായ ഇന്ത്യയിലേക്ക് ലോക രാജ്യങ്ങൾ വൈദഗ്ധ്യമുളളവരെ തേടിയെത്തുകയാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ഗൾഫ് രാജ്യങ്ങളിൽ പഠിക്കുന്ന ഒന്‍പത് സംസ്ഥാനങ്ങളിൽ നിന്നുള്ള 28 വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടുന്ന സംഘമാണ് ദില്ലിയിലെത്തിയത്.