ദില്ലി: പുതിയ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവെച്ച് എയർ ഇന്ത്യ. 100 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന ഏകദേശം 500 പുതിയ വിമാനങ്ങൾ വാങ്ങാനുള്ള കരാറിലാണ് ഒപ്പുവെച്ചത്. ടാറ്റായുടെ ഉടമസ്ഥതയിലേക്ക് തിരിച്ചെത്തിയ എയർ ഇന്ത്യയുടെ ഏറ്റവും വലിയ ഓർഡറായി മാറിയേക്കാം ഇത്.
ഫ്രാൻസിന്റെ എയർബസും എതിരാളികളായ വിമാന നിർമ്മാതാക്കളായ ബോയിംഗും തമ്മിൽ തുല്യമായി വിഭജിക്കപ്പെട്ട ഈ കരാറിനെ കുറിച്ച് ഡിസംബറിൽ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. എയർ ഇന്ത്യ 250 എയർബസ് വിമാനങ്ങളും , 210 സിംഗിൾ-ഇടനാഴി A320 വിമാനങ്ങളും 40 വൈഡ്ബോഡി A350 വാങ്ങുമെന്നാണ് റിപ്പോർട്ട്.
എയർബസും എയർ ഇന്ത്യയും ഇന്നലെ കരാറിൽ ഒപ്പുവെച്ചപ്പോൾ, ജനുവരി 27 ന് ബോയിംഗ് എയർലൈനുമായുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു, കേന്ദ്രത്തിന്റെ ഉടമസ്ഥതയിൽ നിന്നും എയർ ഇന്ത്യയെ ടാറ്റ വീണ്ടെടുത്തിട്ട് ഒരു വർഷം പൂർത്തിയാക്കിയ അവസരത്തിലാണ് പുതിയ കരാറുകൾ.
ഈ കരാറിനെ കുറിച്ച് എയർ ഇന്ത്യയോ എയർബസോ പ്രതികരിച്ചിട്ടില്ല. എമിറേറ്റ്‌സ് പോലുള്ള ഗൾഫ് എതിരാളികൾ ആധിപത്യം പുലർത്തുന്ന മേഖലയിൽ അന്തരാഷ്ട്ര സർവീസുകൾക്കൊപ്പം ദില്ലി, മുംബൈ തുടങ്ങിയ നഗരങ്ങൾക്കുമിടയിലുള്ള യാത്രകൾ വർധിപ്പിക്കാനും എയർ ഇന്ത്യ ലക്ഷ്യമിടുന്നു. 4 ബില്യൺ ഡോളറാണ് ടാറ്റ എയർ ഇന്ത്യയുടെ വിവിധ പ്രവർത്തങ്ങൾക്കായി മാറ്റിവെക്കുന്നത്. വരും മാസങ്ങളിൽ നിരവധി മാറ്റങ്ങൾ എയർ ഇന്ത്യ വരുത്തിയേക്കാം എന്നും സൂചനകളുണ്ട്.
ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, എയർഏഷ്യ ഇന്ത്യ എന്നിവയുൾപ്പെടെ കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനികളാണ് ആഭ്യന്തര വ്യോമയാന രംഗത്ത് ആധിപത്യം പുലർത്തുന്നത്, അവയിൽ ഭൂരിഭാഗവും എയർബസ് നാരോബോഡി വിമാനങ്ങൾ ആണ് പ്രവർത്തിപ്പിക്കുന്നത്. ഇന്ത്യയിലെ ബോയിങ്ങിന്റെ ഏറ്റവും വലിയ ഉപഭോക്താവായ സ്പൈസ് ജെറ്റ് 155 മാക്സ് വിമാനങ്ങൾ ഓർഡർ ചെയ്തിട്ടുണ്ട്.