തിരുവനന്തപുരം: നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ സാമൂഹികാഘാത പഠന റിപ്പോർട്ട് തയ്യാറായി. ഭൂമിയേറ്റെടുപ്പ് 285 വീടുകളെയും 358 ഭൂവുടമകളെയുമാണു നേരിട്ടു ബാധിക്കും. കൂടാതെ ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളിൽ താമസിക്കുന്ന 221 കുടുംബങ്ങൾ കുടി ഒഴിപ്പിക്കേണ്ടി വരും. എസ്റ്റേറ്റിലെ റബറും ആഞ്ഞിലിയും പ്ലാവും, തേക്കും അടക്കം മൂന്നേ കാൽ ലക്ഷത്തോളം മരങ്ങളും വെട്ടി മുരിക്കേണ്ടി വരുമെന്നും സാമൂഹികാഘാത പഠന റിപ്പോർട്ടിൽ വ്യക്തമാകുന്നു.
മതിയായ നഷ്ടപരിഹാരം നൽകി പദ്ധതിയുമായി മുന്നോട്ടു പോകാനാനാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് ആണ് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചത്.എരുമേലി വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ കുടിയിറക്കേണ്ടി വരുന്നവരുടെ പേര് സഹിതം 360 പേജുകളുള്ള റിപ്പോർട്ടിൽ പരാമർശിക്കുന്നു.
അതേസമയം, ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്സ് അനുമതി ലഭിച്ച വാർത്ത പ്രധാനമന്ത്രി കഴിഞ്ഞ മാസം പങ്കുവച്ചിരുന്നു. വിനോദ സഞ്ചാരമേഖലയ്ക്കും പ്രത്യേകിച്ച്, അധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷകരമായ വാർത്തയാണിതെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.