Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews15 ലക്ഷം ചതുരശ്രയടിയിൽ ഏപ്രണടക്കം 7 പദ്ധതികളുടെ ഉദ്ഘാടനം കൊച്ചി വിമാനത്താവളത്തിൽ

15 ലക്ഷം ചതുരശ്രയടിയിൽ ഏപ്രണടക്കം 7 പദ്ധതികളുടെ ഉദ്ഘാടനം കൊച്ചി വിമാനത്താവളത്തിൽ

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി ഏഴ് പദ്ധതികളുടെ വിവരം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടിസ്ഥാനസൗകര്യങ്ങളിൽ കൊച്ചി വിമാനത്താവളത്തിന് വലിയ മുന്നേറ്റമുണ്ടാക്കുന്ന ഏഴു പദ്ധതികൾ നാളെ ഉദ്ഘാടനം ചെയ്യുമെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ച മുഖ്യമന്ത്രി, ഈ പദ്ധതികളുടെ വിശദാംശങ്ങളും പങ്കുവച്ചിട്ടുണ്ട്. കാർഗോ ടെർമിനൽ, ഡിജിയാത്ര, എയർപോർട്ട് എമർജൻസി സർവീസ് ആധുനികവത്ക്കരണം എന്നിവയുടെ ഉദ്ഘാടനത്തിനും രാജ്യാന്തര ടെർമിനൽ ഒന്നാം ഘട്ട വികസനം, എയ്‌റോ ലോഞ്ച്, ഗോൾഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളുടെ തറക്കല്ലിടലിനുമാണ്‌ ചടങ്ങ് സാക്ഷ്യം വഹിക്കുകയെന്നും പിണറായി വിജയൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ കുറിപ്പ് പൂർണരൂപത്തിൽ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അടിസ്ഥാനസൗകര്യങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കുന്ന ഏഴു പദ്ധതികൾ നാളെ ഉദ്ഘാടനം ചെയ്യും. കാർഗോ ടെർമിനൽ, ഡിജിയാത്ര, എയർപോർട്ട് എമർജൻസി സർവീസ് ആധുനികവത്ക്കരണം എന്നിവയുടെ ഉദ്ഘാടനത്തിനും രാജ്യാന്തര ടെർമിനൽ ഒന്നാം ഘട്ട വികസനം, എയ്‌റോ ലോഞ്ച്, ഗോൾഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളുടെ തറക്കല്ലിടലിനുമാണ്‌ ചടങ്ങ് സാക്ഷ്യം വഹിക്കുക. 15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള പുതിയ ഏപ്രൺ, 8 പുതിയ എയ്‌റോബ്രിഡ്ജുകൾ  ഉൾപ്പെടെ 5 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ രാജ്യാന്തര ടെർമിനലിനെ വികസിപ്പിക്കും. ഇതോടെ വിമാന പാർക്കിംഗ് ബേയുടെ എണ്ണം 44 ആയി ഉയരും. ഭാവിയിലെ ട്രാഫിക് വളർച്ച പരിഗണിച്ച് തയ്യാറാക്കിയിട്ടുള്ള ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനാണ് തറക്കല്ലിടുന്നത്.

ഇംപോർട്ട് കാർഗോ ടെർമിനൽ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ സിയാലിന്റെ പ്രതിവർഷ കാർഗോ കൈകാര്യം ചെയ്യൽ ശേഷി 2 ലക്ഷം മെട്രിക് ടണ്ണായി വർധിക്കും. നിലവിലെ കാർഗോ സ്ഥലം മുഴുവനും കയറ്റുമതി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമാകും. കേരളത്തിലെ കാർഷികോത്പന്നങ്ങൾക്ക് ആഗോള വിപണി കണ്ടെത്തുന്നതിനായുള്ള സർക്കാരിന്റെ നയങ്ങൾക്ക് ഇത് കരുത്ത് പകരും.

യാത്രക്കാർക്ക് ഹ്രസ്വസമയ വിശ്രമത്തിന് രണ്ടാം ടെർമിനലിന് സമീപം പണികഴിപ്പിക്കുന്ന, ‘ 0484 ലക്ഷ്വറി എയ്‌റോ ലോഞ്ച് ‘ എന്ന് നാമകരണം ചെയ്യപ്പെട്ട, എയ്‌റോലോഞ്ചിന്റെ തറക്കല്ലിടൽ നാളെ നടക്കും. 42 ആഡംബര ഗസ്റ്റ് റൂമുകൾ, റസ്റ്റൊറന്റ്, മിനി കോൺഫറൻസ് ഹാൾ, ബോർഡ് റൂം, ജിം, സ്പാ എന്നിവയടക്കം അരലക്ഷം ചതുരശ്രയടി വിസ്തീർണം. നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള ലോഞ്ചായി ഇത് മാറും.

വിമാനത്താവള ടെർമിനലുകളിലെ പുറപ്പെടൽ പ്രക്രിയ, ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുന്ന സംവിധാനമാണ് ഡിജിയാത്ര. വിമാനത്താവള അഗ്‌നിശമന സേനയെ എയർപോർട്ട് എമർജൻസി സർവീസ് എന്ന നിലയിലേയ്ക്ക് ആധുനികവത്ക്കരിക്കുന്നു. അടിയന്തരാവശ്യ വാഹനവ്യൂഹത്തിലേയ്ക്ക് ഓസ്ട്രിയൻ നിർമിത രണ്ട് ഫയർ എൻജിനുകൾ, മറ്റ് ആധുനിക വാഹനങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു.

കൊച്ചി വിമാനത്താവളത്തിന്റെ ഓപ്പറേഷണൽ മേഖലയുടെ സുരക്ഷ വർധിപ്പിക്കാൻ അത്യാധുനിക ഇലക്ട്രോണിക് സുരക്ഷാവലയം തീർക്കുന്നു. പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (പി. ഐ. ഡി. എസ്) എന്ന ഈ സംവിധാനത്തിന്റെ നിർമാണ ഉദ്ഘാടനം നാളെ നടക്കും. കേരളത്തിലെ ഏക 18-ഹോൾ കോഴ്‌സായ സിയാൽ ഗോൾഫ് കോഴ്‌സിനെ വികസിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി റിസോർട്ടുകൾ, വാട്ടർഫ്രണ്ട് കോട്ടേജുകൾ, പാർട്ടി/ കോൺഫറൻസ് ഹാൾ, സ്‌പോർട്‌സ് സെന്റർ എന്നിവ നിർമിക്കുന്നു. 
കോവിഡാനന്തര കാലഘട്ടത്തിൽ ലാഭത്തിലായ ഇന്ത്യയിലെ ഏക വിമാനത്താവളമായ സിയാൽ,  കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ നിരവധി സംരംഭങ്ങൾ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. പയ്യന്നൂരിലെ 14 MWp സൗരോർജ്ജ പ്ലാന്റും കോഴിക്കോട് അരിപ്പാറയിലെ 4.5 MW ജലവൈദ്യുത പദ്ധതിയും, ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേ ആയ ബിസിനസ് ജെറ്റ് ടെർമിനലും ഈ കാലയളവിൽ സിയാൽ കമ്മിഷൻ ചെയ്‌തു. പുതിയ പദ്ധതികൾ വിമാനത്താവളത്തിന്റെ നിലവാരം വലിയ തോതിൽ വർദ്ധിപ്പിക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments