തിരുവനന്തപുരം : സ്ഥാപകദിനത്തിൽ ബിജെപി അനിൽ ആന്റണിയെ പാർട്ടിയിൽ എത്തിച്ചപ്പോൾ, എ.കെ.ആന്റണിയുടെ തിരുവനന്തപുരം വഴുതക്കാട്ടെ വസതിയായ ‘അഞ്ജനം’ പിറന്നാൾ മധുരം വേണ്ടെന്നുവച്ചു. എ.കെ.ആന്റണിയുടെ ഇളയ മകനും അനിൽ ആന്റണിയുടെ സഹോദരനുമായ അജിത്ത് ആന്റണിയുടെ ജന്മദിനമായിരുന്നു ഇന്ന്.
സമീപത്തെ വൃദ്ധസദനത്തിലാണ് അജിത്തിന്റെ ജന്മദിന ആഘോഷം നിശ്ചയിച്ചിരുന്നത്. ഇവിടുത്തെ അന്തേവാസികൾക്കുള്ള ഭക്ഷണം കേറ്ററിങ് സ്ഥാപനം അഞ്ജനത്തിൽ എത്തിക്കുമ്പോൾ ഡൽഹി ബിജെപി ആസ്ഥാനത്ത് അനിൽ ആന്റണി പാർട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു. ഇതോടെ ആഘോഷം വേണ്ടെന്നുവച്ച കുടുംബം ഭക്ഷണം വൃദ്ധസദനത്തിലേക്ക് കൊടുത്തയച്ചു.
അനിലിൽനിന്നു വ്യത്യസ്തനായി അജിത്ത് രാഷ്ട്രീയത്തിലിറങ്ങിയില്ല, പകരം സിനിമാ മേഖലയിലാണ്. ‘ജയ് ഹിന്ദ്’ എന്ന ഒറ്റവരിക്കൊപ്പം കൈപ്പത്തി ചിഹ്നമിട്ട് അജിത്ത്, അച്ഛനൊപ്പമാണ് താനെന്ന് ഫെയ്സ്ബുക്കില്‍ പ്രഖ്യാപിക്കുകയും ചെയ്തു.