തിരുവനന്തപുരം: ആൺ കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണമെന്ന് ചലച്ചിത്രതാരം അലൻസിയർ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2022ലെ പ്രത്യേക ജൂറി പരാമർശത്തിനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘പ്രത്യേക ജൂറി അവാർഡ് കിട്ടുന്നവർക്ക് സ്വർണം പൂശിയ ശിൽപം നൽകണം. നല്ല നടൻ എല്ലാവർക്കും കിട്ടും സ്‌പെഷ്യൽ കിട്ടുന്നവർക്ക് സ്വർണത്തിന്റെ പ്രതിമ നൽകണം. പ്രത്യേക പുരസ്‌ക്കാരം നേടുന്ന എന്നെയും കുഞ്ചാക്കോ ബോബനേയും 25,000 രൂപ നൽകി അപമാനിക്കരുത്. പുരസ്‌ക്കാരത്തിനുള്ള തുക വർധിപ്പിക്കണം.
പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണം. അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും’’–അലൻസിയർ പറഞ്ഞു. മന്ത്രി സജി ചെറിയാനോടും ബംഗാളി ചലച്ചിത്രസംവിധായകൻ ഗൗതം ഘോഷിനോടുമായിരുന്നു അലൻസിയറിന്റെ അഭ്യർത്ഥന.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പുരസ്‌ക്കാരദാന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‍കാരിക മന്ത്രി സജി ചെറിയാനും പുരസ്‌ക്കാര വിതരണം നിർവഹിച്ചു. സംവിധായകൻ ടി.വി. ചന്ദ്രന് സമഗ്രസംഭാവനയ്‌ക്കുള്ള ജെ.സി.ഡാനിയേൽ പുരസ്‌ക്കാരം സമ്മാനിച്ച് ആദരിച്ചു. മികച്ച നടനുള്ള പുരസ്‌ക്കാരം മമ്മുട്ടിക്ക് വേണ്ടി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഏറ്റുവാങ്ങി.