ചെന്നൈ: മോദി സർക്കാരിന്റെ വാർഷികത്തോട് അനുബന്ധിച്ചു ചെന്നൈയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിമാനത്താവളത്തിൽ നിന്നു പുറപ്പെടാനൊരുങ്ങവെ വൈദ്യുതി മുടങ്ങിയതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. സുരക്ഷാ വീഴ്ചയാണെന്ന് ആരോപിച്ച് ബിജെപി നേതാക്കളും രംഗത്തെത്തി.
എന്നാൽ പവർകട്ട് മനഃപൂർവമല്ലെന്ന് ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ വ്യക്തമാക്കി. വിമാനത്താവളം ഉൾപ്പെടെ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടെന്നും ഹൈടെൻഷൻ ലൈനിലുണ്ടായ പ്രശ്നമാണെന്നും വൈദ്യുതി വകുപ്പു വിശദീകരിച്ചു.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ 300ൽ അധികം സീറ്റുകളോടെ ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കുമെന്നു വെല്ലൂരിൽ നടന്ന പൊതുയോഗത്തിൽ അമിത് ഷാ പറഞ്ഞു. ഭാവിയിൽ തമിഴ്നാട്ടിൽ നിന്നൊരു പ്രധാനമന്ത്രി വരുമെന്ന് ബിജെപി ഭാരവാഹി യോഗത്തിൽ അദ്ദേഹം പറഞ്ഞു. വെല്ലൂരിൽ അമിത് ഷാ പ്രസംഗിക്കുന്നതിനിടെ ഫ്ലെക്സ് ബോർഡ് തകർന്നുവീണത് ആശങ്ക സൃഷ്ടിച്ചിരുന്നു.