പത്തനംതിട്ട: പത്തനംതിട്ട പെരുനാട് ബഥനിമലയിൽ വീണ്ടും കടുവയിറങ്ങി. പെരുനാട് സ്വദേശി രാജന്റെ രണ്ട് ആടുകളെ കൊന്നു. രാജന്റെ രണ്ടു പശുക്കളെ നേരത്തെ കടുവ പിടികൂടിയിരുന്നു. ഒരു മാസത്തിനുശേഷമാണ് മേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം ഉണ്ടായതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
നേരത്തെ ഈ മേഖലയിൽ കടുവയിറങ്ങിയതോടെ ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമുയരുകയും വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. വനംവകുപ്പ് കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചെങ്കിലും പിടികൂടാനായില്ല. ഇപ്പോൾ വീണ്ടും കടുവയിറങ്ങിയതോടെ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ് ജനങ്ങൾ.
രാജന്റെ വീട്ടുമുറ്റത്തുനിന്നാണ് ആടുകളെ കടുവ പിടികൂടിയത്. രാജൻ വനംവകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്. സ്ട്രൈക്കിംഗ് ഫോഴ്സ് അടക്കമുള്ള സേനയെ അവിടെ വിന്യസിച്ച് കടുവയെ തെരയാമെന്നും കൂട് സ്ഥാപിക്കാമെന്നുമാണ് റാന്നി ഡിഎഫ്ഒ അറിയിച്ചിരിക്കുന്നത്.
അതേസമയം, ആനയടക്കമുള്ള കാട്ടുമൃഗങ്ങൾ ജനവാസമേഖലയിലേക്കിറങ്ങി ആക്രമണങ്ങൾ പതിവാകുന്നതിനിടെ മനുഷ്യ മൃഗസംരക്ഷണത്തിൽ പരിഹാരം തേടി സുപ്രീം കോടതിയിൽ ഹർജി. പശ്ചിമഘട്ടത്തിലെ പ്രശ്നം അവസാനിപ്പിക്കാൻ ഇടപെടൽ തേടിയാണ് ഹർജി. ശാസ്ത്രീയപഠനത്തിലൂടെ ജനവാസ, മൃഗ മേഖലകളെ തരംതിരിക്കണം, ആനത്താരകളെ വേർതിരിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് പരിസ്ഥിതി പ്രവർത്തകരായ സി ആർ നീലകണ്ഠൻ, വി കെ ആനന്ദൻ എന്നിവരാണ് ഹർജി നൽകിയത്