തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ ഇന്ധനത്തിനും ഭൂമിക്കും വാഹനത്തിനും മദ്യത്തിനും വില കൂടും. വിവിധ സേവന മേഖലകളിൽ മാറ്റങ്ങളുമുണ്ടാകും. പെട്രോൾ, ഡീസൽ ലിറ്ററിന് നാളെ മുതൽ രണ്ട് രൂപ നിരക്കിലായിരിക്കും വർധനവ് . സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതത്തിനായി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസ് നടപ്പിലാവുന്നതോടെയാണ് വില വര്‍ധനവ് നടപ്പാകുന്നത്.
500 രൂപ മുതൽ 999 രൂപ വരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ ഒരു കുപ്പിക്ക് 20 രൂപയും. 1,000 രൂപയിലേറെ വിലയുള്ള മദ്യത്തിന് 40 രൂപയുമാണ് സാമൂഹിക സുരക്ഷാ സെസ്. ന്യായമായവിലയിൽ 20 ശതമാനമാണ് ഭൂമിയിടപാടിലെ വില വർധനവ്. ഭൂമി രജിസ്ട്രേഷൻ ചിലവ് ഉയരും. 2000 രൂപയാണ് രജിസ്ട്രേഷനിൽ വരുന്ന ചിവല്. ഒരു ലക്ഷം രൂപയ്ക്ക് രജിസ്ട്രേഷൻ നടത്തുമ്പോൾ 2000 രൂപ വില ഈടാക്കും. ഫ്ളാറ്റുകൾ,അപ്പാർട്ട്മെൻ്റുകൾ നിർമ്മാണം പൂർത്തീകരിച്ച് ആറുമാസത്തിനുള്ളിൽ മറ്റൊരാൾക്ക് കൈമാറുമ്പോൾ മുദ്ര പത്രം അഞ്ചു ശതമാനം നിരക്കിൽ നിന്നും ഏഴു ശതമാനത്തിലേക്ക് ഉയരും.
കെട്ടിട നികുതിയിലും ഉപനികുതിയിലും അഞ്ചു ശതമാനമാണ് വർധനവ്. പ്രതിമാസ പിഴത്തുക ഒരു ശതമാനത്തിൽ നിന്നും രണ്ട് ശതമാനമായി വർധിക്കും. സ്വകാര്യ വാഹനങ്ങൾക്ക് ഒറ്റത്തവണയായാണ് നികുതി കൂടുന്നത്. അഞ്ചു ലക്ഷം രൂപവരെ ഒരു ശതമാനം, അഞ്ച് മുതൽ 15 ലക്ഷം വരെ രണ്ട് ശതമാനം, 15 ലക്ഷം മുതൽ ഒരു ലക്ഷം വരെ ഒരു ശതമാനം, 20 മുതൽ 30 വരെ ഒരു ശതമാനം, 30നു മുകളിൽ ഒരു ശതമാനവുമാണ് വർധനവ്.
രണ്ട് ലക്ഷം വില വരുന്ന പുതിയ മോട്ടോർ സൈക്കിളുകൾക്ക് നികുതി ഒറ്റത്തവണയായി രണ്ട് ശതമാനമാണ് വർധനവ്. പുതിയ ഇരുചക്ര വാഹനങ്ങൾക്കുള്ള റോഡ് സുരക്ഷാ സെസ് 50 രൂപയിൽ നിന്ന് 100 രൂപയാകും. ലൈറ്റ് മോട്ടർ വാഹനങ്ങക്ക് 100 രൂപയിൽ നിന്ന് 200 രൂപ, മീഡിയം മോട്ടർ വാഹനങ്ങൾക്ക് 150 രൂപയിൽ നിന്നു 300 രൂപ, ഹെവി മോട്ടർ വാഹനങ്ങൾക്ക് 250 രൂപയിൽ നിന്ന് 500 രൂപയുമാണ്. ഇലക്ട്രിക് വാഹനങ്ങൾക്ക് ആദ്യ അഞ്ച് വർഷത്തേക്ക് നൽകിയിരുന്ന 50 ശതമാനം നികുതിഇളവ് ഇനിയുണ്ടാകില്ല.
ജുഡീഷ്യൽ കോർട്ട് ഫീ സ്റ്റാംപുകളുടെ നിരക്ക് വർധിക്കും. മറ്റു കോടതി വ്യവഹാരങ്ങൾക്കുള്ള കോർട്ട് ഫീസിൽ ഒരു ശതമാനമാണ് വർധനവ്. മാനനഷ്ടം, സിവിൽ, നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾക്കുള്ള കോടതി ഫീസ് ക്ലെയിം തുകയുടെ ശതമാനമായിരിക്കും വർധിക്കുക.
മരുന്നുകൾക്കു വില വർധിക്കും. എന്നാൽ പുതിയ ബാച്ച് മരുന്നുകൾ എത്തുമ്പോഴേ ഇതു പ്രാബല്യത്തിലാകൂ. ക്വാറി ഉൽപന്നങ്ങളായ കരിങ്കല്ല്, മണ്ണ്, ചെങ്കല്ല് തുടങ്ങിയവയുടെ റോയൽറ്റിയും മറ്റു നിരക്കുകളും കൂടും.
ഇളവുകൾ:പുതുതായി വാങ്ങുന്ന ഇ–വാഹനങ്ങൾക്കുള്ള നികുതി 20 ശതമാനത്തിൽ നിന്ന് 5 ശതമാനമാകും. വിൽപന നടന്ന ഭൂമി മൂന്ന് മാസത്തിനുള്ളിൽ വീണ്ടും വിൽക്കുകയാണെങ്കിൽ സ്റ്റാംപ് ഡ്യൂട്ടി ഇരട്ടി നൽകണമെന്ന നിലവിലെ വവ്യവസ്ഥ ഒഴിവാകും. മൂന്ന് മാസത്തിനും ആറ് മാസത്തിനും ഇടയ്ക്കു വിറ്റാൽ ഒന്നര ഇരട്ടി സ്റ്റാംപ് ഡ്യൂട്ടി നൽകണമെന്നതും ഇനിയില്ല. ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സ്വകാര്യ സ്കൂൾ വാഹനങ്ങളുടെ നികുതി മൂന്ന് മാസത്തേക്ക് 5,500 രൂപ എന്നത് 1000 രൂപയാക്കി.
ജീവകാരുണ്യ സംഘടനകൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയുടെ വാഹനങ്ങൾക്കുള്ള നികുതി സർക്കാർ സ്കൂളിന്റേതിനു സമാനമാക്കി. സ്വകാര്യ ബസ്, കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് ത്രൈമാസ നികുതിയിൽ 10 ശതമാനമാണ് ഇളവ്. സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സൗജന്യമായി ഉപയോഗിക്കാവുന്ന കളിസ്ഥലങ്ങൾ, വായനശാലകൾ എന്നിവയ്ക്ക് കെട്ടിട നികുതിയില്ല. 30 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ള വീട്ടിൽ താമസിക്കുന്ന ബിപിഎൽ കുടുംബത്തിന് കെട്ടിട നികുതിയില്ല. 60 ചതുരശ്ര മീറ്ററിൽ താഴെയുള്ള വീടിന്റെ ഏതു വിഭാഗത്തിൽപ്പെട്ട ഉടമയ്ക്കും ഈ ഇളവ് ലഭിക്കും.
അതിർത്തിയിലെ ഇന്ധനവിലയിലെ മാറ്റം ഇങ്ങനെ: പാറശാലയിൽ പെട്രോൾ ഇന്ന് 107.98 രൂപ, കളിയിക്കാവിള 103.85 വ്യത്യാസം 4.13. പാറശാലയിൽ നാളെ പെട്രോളിന് 109.98, കളിയിക്കാവിള 103.85 വ്യത്യാസം 6.13.
ആദായ നികുതി അടയ്ക്കുന്നതിന് നാളെ മുതൽ പുതിയ സ്കീമായിരിക്കും. സ്വാഭാവിക മാർഗമായി ഓൺലൈനിൽ ലഭ്യമാവുക. പഴയ സ്കീമിൽ തുടരണമെങ്കിൽ പ്രത്യേകം തിരഞ്ഞെടുക്കണം. 7,27,777 രൂപ വരെയുള്ള വരുമാനത്തിന് നികുതി ഒഴിവാകും. 5 ലക്ഷം രൂപയെന്ന റിബേറ്റ് 7 ലക്ഷമാകും. പുതിയ നികുതി സ്ലാബും നിലവിൽ വരും.