ആറന്മുള: കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പൈതൃക നടത്തം (Heritage Walk) നാളെ രാവിലെ ഒൻപതിന് ജ്യോതിഷ പണ്ഡിതൻ മാലക്കര ആനന്ദവാടി ആലപ്പുറത്തു കൊച്ചുരാമൻ പിള്ള ആശാന്റെ വീട്ടിൽ നിന്ന് ആരംഭിക്കും. ചരിത്ര പണ്ഡിതൻ ഡോ എം. ജി. ശശിഭൂഷൺ ഉദ്‌ഘാടനം നിർവ്വഹിക്കും. ഡോ. മാത്യു കോശി അധ്യക്ഷത വഹിക്കും. തുടർന്ന്, സാധു കൊച്ചുകുഞ്ഞു ഉപദേശി, കവിയൂർ സ്വാമി തുടങ്ങി വിവിധ സ്മാരകങ്ങളും, ആറന്മുള പൊന്നമ്മയുടെ കുടുംബം, ആറന്മുള കണ്ണാടി നിർമാണശാല , പള്ളിയോട നിർമ്മിതി, തിരുവോണത്തോണി, ചരിത്രപ്രസിദ്ധമായ തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രം ഉൾപ്പെടെ 18 പോയിന്റുകൾ കവർ ചെയ്ത് പദയാത്ര വൈകിട്ട് 6 മണിക്ക് സുഗതകുമാരിയുടെ ജന്മഗൃഹമായ ആറന്മുളയിലെ വാഴുവേലിൽ തറവാട്ടിൽ അവസാനിക്കും.
ഒരോ പോയിന്റുകളിലും എത്തുമ്പോൾ അതാത് സ്ഥലത്തിന്റെ സവിശേഷതകൾ ചുരുക്കമായി വർണിക്കും.
ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്ന പവിത്രമായ ഈ പൈതൃക നടത്തത്തിന്റെ ഭാഗമാകാൻ സുഗ തോത്സവ ആഘോഷ കമ്മിറ്റയുടെ ചെയർമാൻ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ എല്ലാ ദേശസ്നേഹികളോടും ആഹ്വാനം ചെയ്തു. കൂടാതെ പൈതൃക ഗ്രാമം എന്ന ബഹുമതി കിട്ടാൻ വേണ്ടതായ എല്ലാ മാനദണ്ഡങ്ങളും ഒത്തു ചേർന്ന ലോകത്തിലെ തന്നേ അപൂർവ ഗ്രാമങ്ങളിലൊന്നാണ് ആറന്മുള എന്ന് കുമ്മനം രാജശേഖരൻ പറയുകയുണ്ടായി.
ജനുവരി 19, 20, 21 തീയതികളിൽ ആറന്മുള വിജയാനന്ദ വിദ്യാപീഠത്തിന്റെ അങ്കണത്തിൽ നടക്കുന്ന സുഗതകുമാരി അനുസ്മരണ ചടങ്ങുകൾ , കവിത, സെമിനാർ ശില്പശാല തുടങ്ങിയവക്ക് ശേഷം പൊതുപരിപാടികൾ സുഗതകുമാരിയുടെ
ജന്മദിനമായ ജനുവരി
22 ന് 3 മണിക്ക് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്‌ഘാടനം ചെയ്യും. വെസ്റ്റ് ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് അടക്കമുള്ള പ്രമുഖർ പ്രസ്തുത ചടങ്ങിൽ പങ്കെടുക്കും.