ബെംഗ്ളൂരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള മൂന്നാംഘട്ട തെരച്ചിൽ ഇന്നും തുടരും. അർജുൻ സഞ്ചരിച്ച ലോറിയുടെ ക്യാബിൻ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന. അർജുനടക്കം കാണാതായ മൂന്ന് പേരെയാണ് ഇനി കണ്ടത്തേണ്ടത്. കാർവാറിൽ നിന്ന് എത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് തെരച്ചിൽ. പരിശോധനാ സ്ഥലത്തേക്ക് അർജുന്‍റെ സഹോദരിയും ഇന്ന് എത്തും.
ഇത് അവസാന ശ്രമമെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ പ്രതികരിച്ചു. ലോറിയുടെ ക്യാബിൻ കണ്ടെത്തിയാൽ അർജുൻ എവിടെ എന്നതിന്റെ ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി അർജുനന്റെ കുടുംബവും പ്രതികരിച്ചു. 66 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂന്നാം ഘട്ട തെരച്ചിൽ ആരംഭിക്കുന്നത്. വേലിയേറ്റം ആരംഭിച്ചതോടെ ഇന്നലെ രാവിലെ 10 മണിക്ക് തന്നെ ഡ്രഡ്ജർ ഷിരൂരിന്റെ ലക്ഷ്യമാക്കി നീങ്ങി.