ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ തള്ളി ഡല്‍ഹി ഹൈക്കോടതി. അഗ്നിപഥ് ദേശീയ താത്പര്യം മുന്‍നിര്‍ത്തിയുള്ള പദ്ധതിയാണെന്നും ഇടപ്പെടാനാകില്ലാ എന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
‘പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടതിയ്ക്ക് ഇടപ്പെടാന്‍ കഴിയില്ല. നമ്മുടെ സൈന്യം മികച്ചതാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്.’, ഹൈക്കോടതി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പദ്ധതിക്കെതിരെ ഫയല്‍ ചെയ്യപ്പെട്ട ഹര്‍ജികള്‍ നേരത്തെ സുപ്രീം കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍ ഹര്‍ജികളുടെ വാദം സുപ്രീം കോടതി ഹൈക്കോടതിയിലേക്ക് മാറ്റുകയായിരുന്നു.
കേരളം, പഞ്ചാബ്, ഹരിയാന, പട്‌ന, ഉത്തരാഖണ്ഡ് ഹൈക്കോടതികളോട് അഗ്നിപഥിന് എതിരായ ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതിയിലേക്ക് മാറ്റണമെന്നും അല്ലെങ്കില്‍ ഡല്‍ഹി ഹൈക്കോടതി തീരുമാനം വരുന്നത് വരെ തീര്‍പ്പു കല്‍പ്പിക്കരുത് എന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതിന് പിന്നാലെ പല സംസ്ഥാനങ്ങളിലും പദ്ധതിക്കെതിരായ പ്രതിഷേധം ഉയര്‍ന്നിരുന്നു. 17നും 21നും ഇടയിലുള്ളവര്‍ക്ക് നാല് വര്‍ഷത്തെ സൈനിക സേവനത്തിന് അനുമതി നല്‍കുന്ന പദ്ധതിയാണ് അഗ്നിപഥ്.