തിരുവനന്തപുരം: രാജ്യത്തെ ജനങ്ങളുടെ കാര്യങ്ങളിലൊന്നും പ്രതികരിക്കാത്ത പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്ന് വിമർശിച്ച് എഴുത്തുകാരി അരുന്ധതി റോയ്.
‘‘വിദേശരാജ്യങ്ങൾ സന്ദർശിക്കുകയും അവിടെവെച്ച് പ്രസ്താവന നടത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി ഒരുപത്രസമ്മേളനം നടത്തി രാജ്യത്തെ ജനങ്ങളുടെ കാര്യങ്ങൾ പറഞ്ഞിട്ടില്ല. നമുക്ക് ഒരു പ്രധാനമന്ത്രിയെ വേണം, അല്ലാതെ എന്തുപറയാൻ’’ -അവർ പറഞ്ഞു. തിരുവനന്തപുരത്ത് ‘സേവ് ഡെമോക്രസി, സേവ് കോൺസ്റ്റിറ്റ്യൂഷൻ’ എന്ന വിഷയത്തിൽ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അരുന്ധതി.
2024-ൽ പ്രതീക്ഷയുണ്ട്. ഇപ്പോൾ കേന്ദ്രസർക്കാരിന്റേതായുള്ളത് ഭൂരിപക്ഷത്തിന്റെ ശബ്ദമല്ല. ചെറിയഭാഗത്തിന്റെ പെരുപ്പിച്ച ശബ്ദമാണത്. ഒരു ഭരണാധികാരിയും ഒരു കോർപ്പറേറ്റും എന്നരീതിയിൽ എല്ലാം ഒന്നാകുന്ന സ്ഥിതി. അത് രാജ്യത്തെ ഭൂരിപക്ഷംവരുന്ന ജനങ്ങൾക്ക് തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷയെന്നും അരുന്ധതി റോയ് പറഞ്ഞു.