ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് സി.ബി.ഐക്ക് മുന്നിൽ ഹാജരാകും. രാവിലെ 11 മണിക്ക് സി.ബി.ഐ ആസ്ഥാനത്ത് ഹാജരാകാണ് നിർദേശം. രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാകും ഹാജരാകുക.
മദ്യനയ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ അവകാശവാദങ്ങളില്‍ വ്യക്തത തേടിയാണ് കെജ്‌രിവാളിനെ സി.ബി.ഐ ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. രാവിലെ എ.എ.പി ആസ്ഥാനത്ത് നിന്ന് പ്രവർത്തകർക്കും നേതാക്കൾക്കും ഒപ്പമായിരിക്കും രാജ്ഘട്ടിലേക്ക് പോകുക. അതിന് ശേഷമായിരിക്കും സി.ബി.ഐ ആസ്ഥാത്ത് എത്തുക. പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് നിരവധി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
തന്‍റെ പേര് പറയിപ്പിക്കാൻ കസ്റ്റഡിയിൽ എടുക്കുന്നവരെ ക്രൂര പീഡനത്തിന് ഇരയാക്കുകയാണ് അന്വേഷണ ഏജൻസികൾ ചെയ്യുന്നതെന്ന് അരവിന്ദ് കെജ്‌രിവാൾ ഇന്നലെ ആരോപിച്ചിരുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ച പ്രധാനമന്ത്രിക്ക് തന്നെ അഴിമതിക്കാരനെന്ന് എങ്ങനെ വിളിക്കാൻ കഴിയുമെന്നും കെജ്‌രിവാൾ ചോദിച്ചു. മദ്യനയ അഴിമതിയിലൂടെ ലഭിച്ച 100 കോടി രൂപ ലഭിച്ചെന്നും ആ പണം ഗോവ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചെന്നുമാണ് സി.ബി.ഐ ആരോപണം.
ചോദ്യംചെയ്യലിനെ കെജ്‌രിവാൾ ഭയപ്പെടുന്നത് തെറ്റ് ചെയ്തത് കൊണ്ടാണെന്ന് ബി.ജെ.പി ആരോപിച്ചു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും ബി.ജെ.പി ചോദിച്ചു. അതിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കെജ്‍രിവാളുമായി ഫോണിൽ സംസാരിച്ചു.