കോഴിക്കോട് : ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ഓഫീസിൽ പൊലീസ് സംഘം നടത്തുന്ന പരിശോധനയെ വിമർശിച്ച് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി അസഫലി. നടപടി ഭരണകൂട ഭീകരതയാണെന്നും പൊലീസിനെ ഭരണകൂടം ദുരുപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിവി അൻവര്‍ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് വെള്ളയിൽ പൊലീസാണ് പരിശോധന നടത്തുന്നത്. ”വളരെ ആസൂത്രിതമായി ഗൂഢാലോചന നടത്തി തയ്യാറാക്കിയ പരാതിയാണ് പൊലീസിന് ലഭിച്ചതെന്നാണ് മനസിലാക്കുന്നത്. വകുപ്പുകൾ വരെ പരാതിയിൽ എഴുതി നൽകിയിട്ടുണ്ട്. ഇതെല്ലാം അസാധാരണമാണ്. സംഭവം അറിഞ്ഞിട്ട് പൊലീസിൽ റിപ്പോർട്ട് ചെയ്തില്ലെന്ന് കാണിച്ചാണ് ചാനലിനെതിരെ പോക്സോ വകുപ്പ് ചേർത്തത്. വാർത്ത പുറത്ത് വന്ന് സമൂഹം മുഴുവൻ കണ്ടിട്ടും വിഷയത്തിൽ പൊലീസ് കേസെടുത്തിരുന്നില്ല. തങ്ങൾക്കെതിരായ വിയോജിപ്പെല്ലാം അടിച്ചമർത്താൻ ഭരണകൂടം പൊലീസിനെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ നടക്കുന്ന പരിശോധനയിൽ നിന്നും മനസിലാക്കേണ്ടത്’. ഏഷ്യാനെറ്റ് ന്യൂസിനെതിരായ നടപടിയെ അത്തരത്തിലാണ് കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അധികാരം ഉപയോഗിച്ചുള്ള വേട്ടയാടലെന്ന് അഭിഭാഷകൻ എംആർ അഭിലാഷും പ്രതികരിച്ചു. പൊലീസ് നടപടി കേട്ടുകേൾവിയില്ലാത്തതും പ്രതികാര ബുദ്ധിയോടുകൂടിയുള്ളതുമാണ്. പരിശോധന നടത്തേണ്ട പ്രത്യേക സാഹചര്യമുണ്ടായിരുന്നില്ലെന്നും എംആർ അഭിലാഷ് പ്രതികരിച്ചു.