പാലക്കാട്: മണ്ണാര്‍ക്കാട് മുസ്ലീം ലീഗ് ഭരിക്കുന്ന അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തല്‍. അനധികൃതമായി വായ്പാ തിരിച്ചടവില്‍ ഇളവ് അനുവദിച്ചത് കാരണമുണ്ടായത് ഒന്നര കോടി രൂപയുടെ നഷ്ടമാണ്. സഹകരണ ചട്ടം ലംഘിച്ച് നടന്ന ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്താന്‍ പാലക്കാട് സഹകരണ ജോയിന്റ് റജിസ്ട്രാര്‍ ഉത്തരവിട്ടു. എന്നാല്‍ ക്രമവിരുദ്ധമായി യാതൊരു ഇടപാടും നടന്നിട്ടില്ലെന്ന് ഭരണസമിതി അറിയിച്ചു.
2022 മാര്‍ച്ചില്‍ സഹകരണ വകുപ്പ് യൂണിറ്റ് ഇന്‍സ്‌പെകടര്‍ നടത്തിയ പരിശോധനയിലാണ് അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ക്രമവിരുദ്ധമായി നടത്തിയ ഇടപാട് മൂലം ബാങ്കിന് നഷ്ട സംഭവിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ എത്രയാണ്, ആരൊക്കെയാണ് ഇതിനു ഉത്തരവാദികള്‍, ഓരോത്തരുടെയും വിഹിതം എത്ര തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കാന്‍ മണ്ണാര്‍ക്കാട് അസി. റജിസ്ട്രാറിനെ ചുമതലപ്പെടുത്തി. 25 ലക്ഷം രൂപയുടെ വായ്പകളില്‍ 90% വും ഒരു വിധത്തിലുള്ള തിരിച്ചടവും ഇല്ലാത്തതാണ്. 25 ലക്ഷം രൂപയുടെ 133 വായ്പകളില്‍ എട്ടെണ്ണത്തില്‍ മാത്രമാണ് ഒരു അടവെങ്കിലും തിരച്ചടച്ചിട്ടുള്ളത്. 2014 മുതലുള്ള വായ്പകളാണിവ. 10 ലക്ഷം രൂപയും അതിനു മുകളിലുമുള്ള 271 വായ്പ്പകളില്‍ 40% വും കുടിശികയാണ്.
കുടിശിക നിവാരണത്തിന്റെ ഭാഗമായി അഞ്ച് വായ്പകളിലായി 37,36,257 രൂപ വായ്പക്കാരന് സാമ്പത്തിക നേട്ടം ലഭിക്കുന്നതിനായി ഇളവ് അനുവദിച്ചു. ഇതിലൂടെ 1,48,27,903 രൂപ നഷ്ടം വന്നതായി പരിശോധനാ റിപ്പോര്‍ട്ടിലുണ്ട്. വസ്തു പണയ വായ്പ, സ്വര്‍ണപ്പണയ വായ്പ, തുടങ്ങിയവ നല്‍കുമ്പോള്‍ പാലിക്കേണ്ട ഉപനിബന്ധനകള്‍ പാലിച്ചില്ല, സഹകരണ വകുപ്പ് നിയമം 57 ന് വിരുദ്ധമായി റജിസ്ട്രാറുടെ അനുമതിയില്ലാതെ മണ്ണാര്‍ക്കാട് എഡുക്കേഷണല്‍ സൊസൈറ്റി, ഐസിഐസിഐ ബാങ്ക് എന്നിവയില്‍ ഓഹരി വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതു മൂലം ബാങ്കിന് കോടിക്കണക്കിന് രൂപ നഷ്ടമുണ്ടായതായും പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്