ചൈനീസ് വാഹന നിർമാതാക്കളായ എസ്എഐസിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് എംജി മോട്ടോർ ഇന്ത്യ. എംജി ഹെക്ടര്‍ എന്ന ജനപ്രിയ മോഡലുമായി ഇന്ത്യയിലെത്തിയ കമ്പനി ഇപ്പോഴിതാ ഇന്ത്യയിലെ കാർ ബിസിനസിലെ ഭൂരിഭാഗം ഓഹരികളും വിൽക്കാൻ പദ്ധതിയിടുന്നതായിട്ടാണ് പുതിയ റിപ്പോർട്ട്. ഇക്വിറ്റി വിൽപ്പനയ്ക്കായി എംജി മോട്ടോർ ഇന്ത്യ ഒന്നിലധികം ബ്രാൻഡുകളുമായി ചർച്ച നടത്തിവരികയാണെന്നും റിലയൻസ് ഇൻഡസ്ട്രീസ്, ഹീറോ ഗ്രൂപ്പ്, പ്രേംജി ഇൻവെസ്റ്റ്, ജെഎസ്ഡബ്ല്യു ഗ്രൂപ്പ് തുടങ്ങിയ ബ്രാൻഡുകളുമായാണ് ചർച്ചകൾ എന്നും ബിസിനസ് ടുഡേ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യൻ കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഈ വർഷം അവസാനത്തോടെ കരാർ പൂർത്തിയാക്കാനാണ് എംജി മോട്ടോർ ലക്ഷ്യമിടുന്നതെന്നുമാണ് റിപ്പോർട്ടുകള്‍. അടുത്ത ഘട്ട വിപുലീകരണത്തിന് ഉടൻ ഫണ്ട് അനുവദിക്കണമെന്ന് എംജി ആവശ്യപ്പെടുന്നതിനാൽ ചർച്ചകൾ പുരോഗമിക്കുകയാണ്. അതേസമയം, റിലയൻസ്, ഹീറോ ഗ്രൂപ്പ്, പ്രേംജി ഇൻവെസ്റ്റ്, ജെഎസ്ഡബ്ല്യു എന്നിവയുമായുള്ള ചർച്ചകൾ വെറും ഊഹാപോഹങ്ങളാണെന്ന് എംജി മോട്ടോർ ഇന്ത്യ അറിയിച്ചതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യ-ചൈന അതിർത്തി സംഘർഷങ്ങൾ കാരണം, ചൈനീസ് ബന്ധമുള്ള കമ്പനികൾക്ക് പുതിയ നിക്ഷേപങ്ങൾക്ക് അനുമതി ലഭിക്കുന്നതിൽ തടസങ്ങൾ നേരിടുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എംജി മോട്ടോർ ഇന്ത്യ അതിന്റെ മാതൃ കമ്പനിയായ എസ്എഐസിയിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനായി ഏകദേശം രണ്ട് വർഷമായി കേന്ദ്ര സർക്കാർ അനുമതിക്കായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുകള്‍ ഉണ്ട്. ഇതുകൊണ്ടുതന്നെ ഉൽപ്പന്നങ്ങളുടെ അടുത്ത ഘട്ടം ആരംഭിക്കുന്നതിന് മൂലധനം സമാഹരിക്കാൻ കമ്പനി ഇപ്പോൾ മറ്റ് വഴികൾ തേടുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ധനകാര്യ സ്ഥാപനങ്ങൾക്കും പങ്കാളികൾക്കും ഉയർന്ന ആസ്‍തിയുള്ള ഇന്ത്യൻ പങ്കാളികള്‍ക്കും നല്‍കി പ്രവർത്തന കേന്ദ്രം ഇന്ത്യയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് എംജി മോട്ടോർ ഇന്ത്യയുടെ സിഇഒ രാജീവ് ചാബ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത രണ്ടു മുതല്‍ നാല് വർഷത്തിനുള്ളിൽ ഓഹരി ഉടമകൾ, കമ്പനിയുടെ ബോർഡ്, മാനേജ്‌മെന്‍റ്, സപ്ലൈ ചെയിൻ എന്നിവ ഇന്ത്യയിലാക്കാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് രാജീവ് ചാബ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ഭൂരിഭാഗം ഓഹരികളും പ്രാദേശിക പങ്കാളികൾക്കും നിക്ഷേപകർക്കും വിറ്റ് ഏകദേശം 5000 കോടി രൂപ മൂലധനം സമാഹരിക്കാനാണ് എംജി മോട്ടോർ ഇന്ത്യ പദ്ധതിയിടുന്നത്. പുതിയ നിക്ഷേപങ്ങൾ രാജ്യത്തെ അതിന്റെ വളർച്ചയുടെ അടുത്ത റൗണ്ടിലേക്ക് പണം കണ്ടെത്തുന്നതിന് ഉപയോഗിക്കും. പ്രതിവർഷം 1.2 ലക്ഷം കാറുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഗുജറാത്തിലെ ഹലോളിലുള്ള നിർമ്മാണ കേന്ദ്രത്തിൽ നിന്നാണ് എംജി മോട്ടോർ നിലവിൽ ഉൽപ്പന്നം പുറത്തിറക്കുന്നത്. പ്രതിവർഷം മൂന്നുലക്ഷം യൂണിറ്റായി ഉൽപ്പാദനം വർധിപ്പിക്കാൻ പുതിയ സംവിധാനം ഒരുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
നിലവിൽ, കമ്പനിക്ക് അതിന്റെ ഇന്ത്യൻ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ ഇസെഡ്എസ് ഇവി, കോമറ്റ് ഇവി എന്നിങ്ങനെ രണ്ട് ഇലക്ട്രിക് ഓഫറുകളുണ്ട്. 50.3kWh ബാറ്ററി പാക്കും ഫ്രണ്ട് ആക്‌സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായാണ് എംജി ZS ഇവി വരുന്നത് (176bhp/280Nm). ഒറ്റ ചാർജിൽ 419 കിലോമീറ്റർ റേഞ്ച് ഈ എസ്‌യുവി വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. അടുത്തിടെ പുറത്തിറക്കിയ എംജി കോമറ്റ് ഇവി 17.3kWh ബാറ്ററിയിലും 42bhp ഇലക്ട്രിക് മോട്ടോറിലും ലഭ്യമാണ്. 230 കിലോമീറ്റർ ദൂരമാണ് കോംപാക്ട് ഇവി വാഗ്ദാനം ചെയ്യുന്നത്.
ഉൽപ്പാദനം പ്രതിവർഷം 1.2 ലക്ഷം യൂണിറ്റിൽ നിന്ന് മൂന്നു ലക്ഷം യൂണിറ്റായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ, എംജി മോട്ടോർ ഇന്ത്യ ഗുജറാത്തിൽ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കും. ഇതുകൂടാതെ, ഇലക്ട്രിക് വാഹന ഘടകങ്ങളുടെ പ്രാദേശിക നിർമ്മാണത്തിലും, വരാനിരിക്കുന്ന പ്രൊഡക്ഷൻ പ്ലാന്റിൽ ബാറ്ററി അസംബ്ലി സജ്ജീകരിക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് തീർച്ചയായും കാർ നിർമ്മാതാവിനെ മത്സരാധിഷ്ഠിത വിലനിർണ്ണയം നേടാനും അതിന്റെ ഉൽപ്പാദനച്ചെലവ് കുറയ്ക്കാനും സഹായിക്കും. ഇത് പ്രാദേശികവൽക്കരണം വർദ്ധിപ്പിക്കുകയും പങ്കാളിത്തത്തിലൂടെയോ മൂന്നാം കക്ഷി നിർമ്മാണത്തിലൂടെയോ സെൽ നിർമ്മാണത്തിലും ഹൈഡ്രജൻ ഫ്യൂവൽ സെൽ (HFC) സാങ്കേതികവിദ്യയിലും അവസരങ്ങൾ പര്യവേക്ഷണം ചെയ്യുകയും ചെയ്യും എന്നും കമ്പനി പറയുന്നു.