ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉന്നയിച്ച് ഇന്ത്യയിൽ ബിബിസി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഹർജി സ്വീകരിക്കേണ്ട് സാഹചര്യമില്ലെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ബിബിസി ഇന്ത്യയുടെ പ്രതിച്ഛായയെ ബോധപൂർവം അപകീർത്തിപ്പെടുത്തുകയാണെന്നും ഡോക്യുമെന്ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി എത്തിയത്.