ചെന്നൈ: തരംതാണ രാഷ്‍ട്രീയ നേട്ടത്തിനായി ദേശീയ അവാര്‍ഡിന്റെ വില കളയരുതെന്ന് തമിഴ്‍നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് ദേശീയ അവാര്‍ഡ് വിവാദ ചിത്രമായ ‘ദ കശ്‍മീര്‍ ഫയല്‍സി’ന് നല്‍കിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘വിവാദ ചിത്രമെന്ന നിലയിൽ നിഷ്പക്ഷ സിനിമാ നിരൂപകർ അവഗണിച്ച ഒരു ചിത്രത്തിന് ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് അവാർഡ് ലഭിച്ചത് ആശ്ചര്യകരമാണ്. സാഹിത്യ-ചലച്ചിത്ര പുരസ്കാരങ്ങളിൽ രാഷ്ട്രീയ പക്ഷപാതം ഇല്ലാതായാൽ കാലാതീതമായ ബഹുമതിയാകും. വിലകുറഞ്ഞ രാഷ്ട്രീയത്തിന് വേണ്ടി ദേശീയ പുരസ്കാരങ്ങളുടെ അന്തസ്സിൽ വിട്ടുവീഴ്ച ചെയ്യരുത്’ -അദ്ദേഹം പറഞ്ഞു. തമിഴിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട കദായിസി വിവസായിയിലെ അണിയറപ്രവർത്തകരെയും മറ്റ് അവാർഡ് ജേതാക്കളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
അല്ലു അർജുനാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. ‘പുഷ്പ’യിലെ പ്രകടനത്തിനാണ് പുരസ്കാരം. ഗംഗുഭായ് കത്തിയവാഡിയിലെ അഭിനയത്തിന് ആലിയ ഭട്ടും ‘മിമി’യിലെ പ്രകടനത്തിന് കൃതി സാനോണും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. മികച്ച ഫീച്ചർ ചിത്രമായി മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിത കഥയെ ആസ്പദമാക്കി ആർ. മാധവൻ സംവിധാനം ചെയ്ത ‘റോക്കട്രി ദ നമ്പി ഇഫക്ട്’ തെരഞ്ഞെടുക്കപ്പെട്ടു. നിഖില്‍ മഹാജനാണ് മികച്ച സംവിധായകന്‍. മറാത്തി ചിത്രം ‘ഗോദാവരി’ക്കാണ് പുരസ്‌കാരം.
എസ്.എസ് രാജമൗലി ഒരുക്കിയ ആര്‍.ആര്‍.ആര്‍ നിരവധി പുരസ്കാരങ്ങളാണ് നേടിയത്. മികച്ച കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രമായി ആര്‍.ആര്‍.ആര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഇതേ ചിത്രത്തിന് സംഗീതമൊരുക്കിയ കീരവാണിക്ക് മികച്ച പശ്ചാത്തല സംഗീതത്തിനും പ്രേം രക്ഷിതിന് നൃത്തസംവിധാനത്തിനും പുരസ്കാരം ലഭിച്ചു. മികച്ച കൊറിയോഗ്രാഫി അവാർഡ് ആർ.ആർ.ആറിലൂടെ കിംഗ് സോളമന് ലഭിച്ചപ്പോൾ ഇതിലെ ‘കൊമരം ഭീമുഡോ’ പാടിയ കാലഭൈരവ മികച്ച ഗായകനായും തെരഞ്ഞെടുക്കപ്പെട്ടു. ‘ഇരവിന്‍ നിഴല്‍’ എന്ന തെലുങ്ക് ചിത്രത്തിലെ ‘മായാവാ ഛായാവാ’ എന്ന ഗാനം ആലപിച്ച ശ്രേയാ ഘോഷാല്‍ ആണ് മികച്ച ഗായിക.
പ്രധാന പുരസ്കാരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും മലയാളത്തിന് നിരവധി അംഗീകാരങ്ങൾ ലഭിച്ചു. മികച്ച മലയാള ചിത്രമായി റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. നവാഗത സംവിധായകനുള്ള അവാർഡ് ‘മേപ്പടിയാൻ’ ഒരുക്കിയ വിഷ്ണുമോഹന് ലഭിച്ചു. മികച്ച തിരക്കഥക്കുള്ള അവാർഡ് നായാട്ടിന് തിരക്കഥയൊരുക്കിയ ഷാഹി കബീറിന് ലഭിച്ചു. മികച്ച പരിസ്ഥിതി ചിത്രമായി ആര്‍.എസ് പ്രദീപ് ഒരുക്കിയ മൂന്നാം വളവ് തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച അനിമേഷൻ ചിത്രമായി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത മലയാള ചിത്രം ‘കണ്ടിട്ടുണ്ട്’ തെരഞ്ഞെടുക്കപ്പെട്ടു. 12 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം സുരേഷ് എറിയാട്ട് ഒരുക്കി ഈക്‌സോറസ് സ്റ്റുഡിയോയാണ് നിർമിച്ചിരിക്കുന്നത്. മികച്ച സിങ്ക് സൗണ്ടിനുള്ള പുരസ്കാരം ‘ചവിട്ടി’ന് അരുണ്‍ അശോകിനും സോനു കെ.പിക്കും ലഭിച്ചു. 2021ല്‍ സെന്‍സര്‍ ചെയ്ത 24 ഭാഷകളില്‍ നിന്നുള്ള 280 സിനിമകളാണ് അവാര്‍ഡിന് പരിഗണിച്ചത്.