ന്യൂഡൽഹി: അടുത്ത വർഷം രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡ്യക്ക് ആവേശം പകർന്ന് ഉപതെരഞ്ഞെടുപ്പ് ഫലം. ആറ് സംസ്ഥാനങ്ങളിലായി ഏഴ് സീറ്റുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ നാല് സീറ്റുകളിൽ പ്രതിപക്ഷം സഖ്യം മുന്നേറിയപ്പോൾ മൂന്നിടത്താണ് ബി.ജെ.പി ജയം.
കേരളത്തിൽ കോൺഗ്രസ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 37,000 വോട്ടുകൾക്ക് ഇൻഡ്യ സഖ്യത്തിലെ തന്നെ മറ്റൊരു പാർട്ടിയായ സി.പി.എമ്മിലെ ജെയ്ക് സി തോമസിനെയാണ് ചാണ്ടി ഉമ്മൻ തോൽപ്പിച്ചത്. ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതുപ്പള്ളി നിയമസഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വന്നത്.
ജാർഖണ്ഡിൽ ജെ.എം.എം സ്ഥാനാർഥി ബേബി ദേവി 17,000 വോട്ടുകൾക്കാണ് എ.ജെ.എസ്.യുവിലെ യശോദ ദേവിയെ തോൽപ്പിച്ചത്. ഇൻഡ്യ സഖ്യത്തിലെ പാർട്ടികൾ പരസ്പരം മത്സരിച്ച പശ്ചിമബംഗാളിലെ ധുപഗുരി സീറ്റിൽ ബി.ജെ.പിയെ 4300 വോട്ടുകൾക്ക് പരാജയപ്പെടുത്തി തൃണമൂലിന്റെ സ്ഥാനാർഥി ജയിച്ചു കയറി.
ഉത്തർപ്രദേശിലെ ഘോസിയിൽ സമാജ്‍വാദി പാർട്ടി സ്ഥാനാർഥി സുധാകർ സിങ്ങാണ് ജയിച്ചത്. ത്രിപുരയിലെ ബോക്സ്നഗർ, ധൻപൂർ, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പി ജയിച്ചത്.