ഹൈദരാബാദ്: തെലങ്കാനയിൽ ന്യൂനപക്ഷ വോട്ടുറപ്പിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. ന്യൂനപക്ഷ ക്ഷേമത്തിനായി പ്രതിവർഷം 4,000 കോടി രൂപയായി ബജറ്റ് വർധിപ്പിക്കുമെന്ന് തെലങ്കാന കോൺഗ്രസ് അറിയിച്ചു. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാ പിന്നാക്ക വിഭാഗങ്ങൾക്കും തൊഴിൽ, വിദ്യാഭ്യാസം, സർക്കാർ പദ്ധതികൾ എന്നിവയിൽ ന്യായമായ സംവരണം ഉറപ്പാക്കുമെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ ‘ന്യൂനപക്ഷ പ്രകടനപത്രിക’യില്‍ പറയുന്നു.
കൂടാതെ ന്യൂനപക്ഷ വിഭാഗത്തിലെ തൊഴിലില്ലാത്ത യുവാക്കൾക്കും സ്ത്രീകൾക്കും സബ്‌സിഡിയുള്ള വായ്പ നൽകുന്നതിന് പ്രതിവർഷം 1,000 കോടി രൂപയും വാഗ്ദാനം ചെയ്തു. അബ്ദുൾ കലാം തൗഫ-ഇ-താലീം പദ്ധതിക്ക് കീഴിൽ, എംഫിൽ, പിഎച്ച്ഡികോഴ്സുകൾ പൂർത്തിയാക്കുമ്പോൾ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, മറ്റ് ന്യൂനപക്ഷ യുവജനങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും കോൺഗ്രസ് വാഗ്ദാനത്തിൽ പറയുന്നു.
ഇമാമുമാർ, മുഅജിൻസ്, ഖാദിംമാർ, പാസ്റ്റർമാർ തുടങ്ങി എല്ലാ മതങ്ങളിലെയും പുരോഹിതന്മാർക്ക് 10,000 മുതൽ 12,000 രൂപവരെ പ്രതിമാസ ഓണറേറിയം നൽകുമെന്നും പ്രഖ്യാപനത്തിലുണ്ട്. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട നവദമ്പതികൾക്ക് 1.6 ലക്ഷം രൂപ നൽകുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.