ലഖ്നൗ: ഉത്തർപ്രദേശിനെ നിക്ഷേപ കേന്ദ്രമാക്കാൻ ലക്ഷ്യമിട്ടുള്ള ത്രിദിന ആഗോള നിക്ഷേപക ഉച്ചകോടി വെള്ളിയാഴ്ച ലഖ്‌നൗവിൽ ആരംഭിക്കും. മൂന്ന് ദിവസമാണ് സംഗമം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടകൻ. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര-സംസ്ഥാന സർക്കാരിലെ നിരവധി മന്ത്രിമാരും പ്രമുഖ വ്യവസായികളും പരിപാടിയിൽ പങ്കെടുക്കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വ്യവസായികളായ മുകേഷ് അംബാനി, കെ ചന്ദ്രശേഖരൻ, കുമാർ മംഗളം ബിർള, ആനന്ദ് മഹീന്ദ്ര എന്നിവർ ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുമെന്ന് സംസ്ഥാന സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അശ്വിനി വൈഷ്ണവ്, ജി കിഷൻ റെഡ്ഡി, ആർ കെ സിംഗ്, സ്മൃതി സുബിൻ ഇറാനി, പശുപതി കുമാർ പരാസ് എന്നിവരുൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ വെള്ളിയാഴ്ച വിവിധ സെഷനുകളിൽ പങ്കെടുക്കും.
മൂന്ന് ദിവസങ്ങളിലായി ആകെ 34 സെഷനുകളായാണ് പരിപാടി നടക്കുക. മുന്നൂറിലധികം പ്രമുഖ വ്യവസായികൾ പങ്കെടുക്കും. ഉത്തർപ്രദേശിനെക്കുറിച്ചുള്ള വികസന സാധ്യതകൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവതരിപ്പിക്കും. 10 ലക്ഷം കോടിയുടെ നിക്ഷേപമാണ് സർക്കാർ ലക്ഷ്യമിട്ടതെങ്കിലും ഇതുവരെ 27 ലക്ഷം കോടി രൂപയുടെ നിർദ്ദേശങ്ങൾ ലഭിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്ത് പ്രത്യക്ഷമായും പരോക്ഷമായും രണ്ട് കോടി തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് കണക്കകൂട്ടൽ. സംഗമത്തിന് പിന്നാലെ ഗ്ലോബൽ ട്രേഡ് ഷോയും ഇൻവെസ്റ്റ് യുപി 2.0 നടക്കും.
സംഗമത്തിന് വൻ ഒരുക്കമാണ് യുപി സർക്കാർ നടത്തിയത്. ഉദ്യോഗസ്ഥർ 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു. 21 നഗരങ്ങളിൽ റോഡ്ഷോ നടത്തി. നെതർലാൻഡ്‌സ്, ഡെൻമാർക്ക്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, യുണൈറ്റഡ് കിംഗ്‌ഡം, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ജർമ്മനി, ഫ്രാൻസ്, അർജന്റീന, മെക്‌സിക്കോ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, മൗറീഷ്യസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി നിക്ഷേപം ആവശ്യപ്പെട്ട് കൂടിക്കാഴ്ച നടത്തി.