Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതാമരശേരി രൂപതയില്‍ വീണ്ടും ക്വാറി വിവാദം; പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്ത്

താമരശേരി രൂപതയില്‍ വീണ്ടും ക്വാറി വിവാദം; പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്ത്

കോഴിക്കോട്: താമരശേരി രൂപതയില്‍ വീണ്ടും ക്വാറി വിവാദം. രൂപതയ്ക്ക് കീഴിലുളള കോടഞ്ചേരി പളളിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ വിശ്വാസികൾ രംഗത്തെത്തി. ക്വാറി തുടങ്ങിയാൽ സമീപത്തെ വീടുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഭീഷണിയാകും എന്ന് കാട്ടി ഇവര്‍ ജില്ലാ കളക്ടർക്ക് പരാതി നൽകി. ക്വാറി കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് പള്ളി കമ്മിറ്റിയുടെ വിശദീകരണം. കോടഞ്ചേരി സെൻറ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് കരിങ്കൽ ക്വാറി തുടങ്ങാനുള്ള നീക്കം. പള്ളി കമ്മിറ്റി ഇതു സംബന്ധിച്ച തീരുമാനമെടുത്തതിന് പിന്നാലെ നടപടികൾക്ക് വേഗം കൂടി.

ജില്ലയിൽ കരിങ്കൽ ഖനന രംഗത്ത് പ്രവർത്തിക്കുന്ന ചിലർ പ്രദേശം സന്ദർശിക്കുക കൂടി ചെയ്തതോടെയാണ് വിശ്വാസികൾ സംഘടിച്ച് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും പരാതി നൽകുകയും ചെയ്തത്. ക്വാറി ആരംഭിച്ചാല്‍ സമീപത്തെ വീടുകളെ ബാധിക്കുമെന്നാണ് പരാതി. ഇതുസംബന്ധിച്ച് കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍. പള്ളിയുടെ പിൻഭാഗത്തായുള്ള കുരിശുമല ഉൾപ്പെടുന്ന ഭാഗത്താണ് ഖനനം നടത്താനുള്ള ആലോചന. ദുഃഖ വെള്ളിയാഴ്ച കുരിശിൻറെ വഴി ഉൾപ്പെടെ പ്രാർത്ഥനകൾ നടന്നു വരുന്ന ഈ ഭാഗത്ത് ക്വാറി തുടങ്ങാൻ അനുവദിക്കില്ലെന്ന് വിശ്വാസികള്‍ പറയുന്നു. മാത്രമല്ല പള്ളിയും പള്ളിയോട് ചേർന്നുള്ള സ്കൂളും 40ലധികം വീടുകളും ക്വാറി തുടങ്ങിയാൽ അപകടാവസ്ഥയിലാകുമെന്ന് ഇവർ ആശങ്കപ്പെടുന്നു.

പ്രദേശവാസികൾക്ക് അപകട ഭീഷണി ഉയർത്തിയ ഒരു ക്വാറിക്കെതിരെ പള്ളിയുടെ നേതൃത്വത്തിൽ സമരം നടത്തിയ ചരിത്രവും ഇവർ ഓർമ്മിപ്പിക്കുന്നു. ക്വാറി തുടങ്ങാനുള്ള പ്രാഥമിക ആലോചന മാത്രമാണ് നടന്നതെന്ന് പള്ളി കമ്മിറ്റി പറയുന്നു. നിയമപ്രകാരമുള്ള അനുമതി കിട്ടിയാൽ പരിസരവാസികൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ മാത്രമാകും ക്വാറിയുടെ പ്രവർത്തനം എന്നും കമ്മിറ്റി അറിയിച്ചു. വിഷയത്തിൽ വിശ്വാസികൾ താമരശ്ശേരി രൂപത ബിഷപ്പിനും പരാതി നൽകിയിട്ടുണ്ട്. കരിങ്കൽ ക്വാറി നടത്തിപ്പുമായി ബന്ധപ്പെട്ട നേരത്തെ ഏറെ പഴി കേട്ടിട്ടുള്ള രൂപതയാണ് താമരശ്ശേരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments