ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് കാനഡയുടെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഫിനാല്‍ഷ്യല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇന്ത്യയോ കാനഡയോ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ഇന്ത്യയിലുള്ള കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരില്‍ 41 പേരെ ഒക്ടോബര്‍ പത്താം തീയ്യതിക്ക് മുമ്പ് തിരിച്ചയക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യയില്‍ കാനഡയ്ക്ക് 62 നയതന്ത്ര ഉദ്യോഗസ്ഥരാണുള്ളത്. ഇവരുടെ എണ്ണം 41 ആയി കുറയ്ക്കണമെന്ന് നേരത്തെ തന്നെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കാനഡയിലുള്ള ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലുള്ള കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കൂടുതലാണെന്നും ഇരു രാജ്യങ്ങളിലും പരസ്‍പരമുള്ള സാന്നിദ്ധ്യം എണ്ണത്തിലും പദവികളിലും തുല്യമാക്കി മാറ്റണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബഗ്ചി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെച്ച് കൊല്ലപ്പെട്ടതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ ഉലച്ചിലാണ് ഉണ്ടായത്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ഏജന്റുമാരാണെന്ന് കാനഡ വാദിച്ചെങ്കിലും ഇക്കാര്യം പൂര്‍ണമായി നിഷേധിച്ച ഇന്ത്യ, കാനഡയുടെ വാദത്തെ അബദ്ധജടിലമെന്നാണ് വിശേഷിപ്പിച്ചത്.
അതേസമയം രണ്ട് ഖലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കാനഡ നിരോധനം ഏര്‍പ്പെടുത്തി. ബബ്ബർ ഖൽസ ഇന്‍റര്‍നാഷണല്‍, സിഖ് യൂത്ത് ഫെഡറേഷൻ എന്നീ സംഘടനകളെയാണ് നിരോധിച്ചത്. അഞ്ച് സംഘടനകളെ നിരോധിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. വിലക്ക് ഏര്‍പ്പെടുത്തേണ്ട സംഘടനകളുടെ പട്ടികയും കൈമാറിയിരുന്നു.