Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകാനഡ വിയന്ന കണ്‍വെന്‍ഷന്‍ മാനിക്കണമെന്ന് ഇന്ത്യ

കാനഡ വിയന്ന കണ്‍വെന്‍ഷന്‍ മാനിക്കണമെന്ന് ഇന്ത്യ

നയതന്ത്രബന്ധം സംബന്ധിച്ച വിയന്ന കണ്‍വെന്‍ഷന്‍ തീരുമാനങ്ങള്‍ പാലിക്കണമെന്ന് കാനഡയോട് ഇന്ത്യ ആഹ്വാനം ചെയ്തു. വിയന്ന കണ്‍വെന്‍ഷന്റെ വ്യവസ്ഥകള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇതിലൂടെ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ചുമതലകള്‍ തടസ്സം കൂടാതെയും സുരക്ഷാ ആശങ്കകള്‍ ഇല്ലാതെയും നിര്‍വഹിക്കാന്‍ കഴിയുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. വാങ്കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നടത്തിയ ഒരു ക്യാംപിനെ തടസ്സപ്പെടുത്താന്‍ ചില ഖലിസ്ഥാൻ അനുകൂല സംഘടനകള്‍ ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ നിര്‍ദേശം.

”ഇന്ത്യയുടെ കാനഡയിലെ സ്ഥാനപതിയും കോണ്‍സുലേറ്റും അവിടെ കോണ്‍സുലാര്‍ ക്യാംപുകള്‍ പതിവായി സംഘടിപ്പിക്കാറുണ്ട്. അത്തരമൊരു ക്യാംപ് നവംബര്‍ 12ന് വാങ്കൂവറിന് സമീപം നടത്തിയിരുന്നു. പെന്‍ഷൻകാർക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ചടങ്ങായിരുന്നു അത്,” വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പത്രസമ്മേളനത്തിനിടെ പറഞ്ഞു. ”പ്രശ്‌നമുണ്ടാക്കാന്‍ ചില തീവ്രവാദികള്‍ ശ്രമിച്ചിട്ടും പരിപാടി വിജയകരമായി നടന്നു. ഇന്ത്യയുടെ കോണ്‍സല്‍ ജനറല്‍ ആ ക്യാംപില്‍ പങ്കെടുത്തിരുന്നില്ല,” അദ്ദേഹം പറഞ്ഞു.

”നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കണ്‍വെന്‍ഷനെ രാജ്യങ്ങള്‍ മാനിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. അതുവഴി ഞങ്ങളുടെ നയതന്ത്രജ്ഞര്‍ക്ക് അവരുടെ നയതന്ത്ര ബാധ്യതകള്‍ നിറവേറ്റാനാകും, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീപാവലി സമയത്ത് ബ്രാംപ്ടണിനടുത്ത് നടന്ന ഒരു സംഭവത്തിന്റെ റിപ്പോര്‍ട്ടുകളെ കുറിച്ച് ചോദിച്ചപ്പോള്‍ അത് രണ്ട് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് കോണ്‍സുലേറ്റിന് പരാതിയൊന്നും ലഭിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ സംഘര്‍ഷം സംബന്ധിച്ച് ചില റിപ്പോര്‍ട്ടുകള്‍ കണ്ടു. ആ സംഭവത്തെക്കുറിച്ച് അവിടുത്തെ അധികാരികള്‍ അന്വേഷിക്കുകയാണെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്, അദ്ദേഹം പറഞ്ഞു.

ഖലിസ്ഥാൻ ഭീകരവാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയിലെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി സെപ്റ്റംബറില്‍ ആരോപണമുന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. അതേസമയം, കാനഡയുടെ ആരോപണങ്ങള്‍ ഇന്ത്യ തള്ളിയിരുന്നു.

ട്രൂഡോയുടെ ആരോപണത്തിന് ദിവസങ്ങള്‍ക്ക് ശേഷം, ഇന്ത്യ കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. കൂടാതെ തുല്യത ഉറപ്പാക്കാന്‍ രാജ്യത്തെ കാനഡയുടെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാന്‍ ഒട്ടാവയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് 41 കനേഡിയന്‍ നയതന്ത്രപ്രതിനിധികളെയും അവരുടെ കുടുംബാംഗങ്ങളെയും കാനഡ പിന്‍വലിച്ചിരുന്നു. അടുത്തിടെ ഇന്ത്യ വിസാ നടപടികളില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments