കോഴിക്കോട്: ഉമര്‍ ഫൈസി മുക്കത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയതിനെത്തുടർന്ന് സാമൂഹികപ്രവര്‍ത്തക വി പി സുഹറയുടെ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് ടൗൺ പൊലീസ് അസിസ്റ്റൻറ് കമ്മീഷണർ പി ബിജുരാജാണ് മൊഴി രേഖപ്പെടുത്തിയത്. റിപ്പോർട്ടർ ടിവി ക്ലോസ് എൻകൗണ്ടറിനിടെയാണ് ഉമർ ഫൈസി സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. തട്ടമിടാത്തത് അഴിഞ്ഞാട്ടമായി കാണുമെന്നാണ് ഉമര്‍ ഫൈസി മുക്കം പറഞ്ഞത്.
തട്ടവും പര്‍ദ്ദയും ഇസ്ലാമികമാണെന്നും അതിനെതിരെ ആര് പ്രതികരിച്ചാലും എതിര്‍ക്കുമെന്നും ഉമര്‍ ഫൈസി പറഞ്ഞു. മുസ്ലിം സ്ത്രീകളെ അഴിഞ്ഞാടാന്‍ വിടാന്‍ കഴിയില്ല. പഴഞ്ചന്‍ എന്ന് പറഞ്ഞാലും പ്രശ്നമില്ല. സ്ത്രീകള്‍ക്ക് അച്ചടക്കം വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലോകം മുഴുവന്‍ കേള്‍ക്കുന്ന രീതിയില്‍ സ്റ്റേജില്‍ കയറി എല്ലാ സ്ത്രീകളും അഴിഞ്ഞാട്ടക്കാരികളാണെന്ന് പറഞ്ഞുകഴിഞ്ഞാല്‍ അതെങ്ങനെ സഹിക്കാന്‍ സാധിക്കുമെന്നാണ് വിഷയത്തിൽ വി പി സുഹറ ചോദിച്ചത്. എത്ര പേര് കേള്‍ക്കുന്നതാണ്. അഴിഞ്ഞാട്ടം എന്നതിന് വലിയ അര്‍ത്ഥമുണ്ട്. കൂടെ അഴിഞ്ഞാടാന്‍ വരുന്നത് പുരുഷന്മാരല്ലേയെന്നും മനുഷ്യര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമില്ലേയെന്നും അവർ ചോദിച്ചു. വായില്‍ത്തോന്നിയതെല്ലാം വിളിച്ച് പറയാനാണോ ഇസ്ലാം പഠിപ്പിച്ചിരിക്കുന്നതെന്നും സുഹറ ചോദിച്ചിരുന്നു.