തിരുവനന്തപുരം: ന്യൂസ് അവർ ചർച്ചയിലെ പരാമർശത്തിൻ്റെ പേരിൽ എളമരം കരീം നൽകിയ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോൺ പൊലീസിന് മൊഴി നൽകി. തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസ് സ്റ്റേഷനിലാണ് വിനു വി ജോൺ മൊഴി നൽകാനെത്തിയത്. അസാധാരണ നിബന്ധനകൾ ഉൾപ്പെടുത്തിയാണ് ചോദ്യം ചെയ്യല്ലിന് ഹാജരാകാനുള്ള നോട്ടീസ് പൊലീസ് വിനുവിന് നൽകിയത്. എളമരം കരീമിൻ്റെ പരാതിയിൽ വിനു വി ജോണിനെതിരെ കേസെടുത്ത കാര്യം പോലും ഒരു വർഷത്തോളമായി പൊലീസ് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം മാർച്ച് 28-ന് ട്രേഡ് യൂണിയനുകൾ നടത്തിയ 48 മണിക്കൂർ പണിമുടക്കിലെ അക്രമസംഭവങ്ങൾ ചർച്ച ചെയ്ത ന്യൂസ് അവറിലെ പരാമർശത്തിൻ്റെ പേരിലാണ് വിനുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പണിമുടക്ക് നടന്ന രണ്ട് ദിവസവും സംസ്ഥാനത്തിൻ്റെ പല ഭാഗത്തും സാധാരണക്കാർ അക്രമിക്കപ്പെട്ടിരുന്നു. കുടുംബവുമായി ഓട്ടോയിൽ സഞ്ചരിച്ചവരും രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷാ ഡ്രൈവറും ജോലിക്ക് പോയ ആളുകളും സമരാനുകൂലികളാൽ അക്രമിക്കപ്പെട്ടു. വിഷയം വലിയ വാർത്തയാവുകയും ട്രേഡ് യൂണിയനുകൾക്കെതിരെ ജനരോഷം ഉയരുകയും ചെയ്തപ്പോൾ നുള്ളിയതും പിച്ചിയതും മാന്തിയതും പരാതിയാക്കുന്നു എന്ന പരിഹാസമാണ് ട്രേഡ് യൂണിയൻ നേതാവായ രാജ്യസഭാ എംപി എളമരം കരീമിൽ നിന്നുണ്ടായത്.
ഇതിനെതിരെ ന്യൂസ് അവറിൽ വിനു വി ജോൺ നടത്തിയ പരാമർശത്തിൻ്റെ പേരിലാണ് കേസ് ഉണ്ടായത്. എന്നാൽ ഇങ്ങനെയൊരു കേസ് എടുത്ത വിവരം വിനു വി ജോണിനെ പൊലീസ് അറിയിച്ചിരുന്നില്ല. ഇതേക്കുറിച്ച് മാധ്യമങ്ങൾക്കും യാതൊരു വിവരവും ലഭിച്ചില്ല. മാസങ്ങൾക്ക് ശേഷം തൻ്റെ പാസ്പോർട്ട് പുതുക്കാൻ വിനു വി ജോൺ അപേക്ഷ നൽകിയ ഘട്ടത്തിലാണ് കേസുള്ള വിവരം അറിയുന്നത്. ഇതിനു പിന്നാലെ കടുത്ത നിബന്ധനകളോട് കൂടിയ നോട്ടീസ് പൊലീസ് വിനു വി ജോണിന് നൽകി. ഈ സാഹചര്യത്തിലാണ് ഇന്ന് വിനു പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്.
ഒരു മാധ്യമപ്രവർത്തകൻ ജനങ്ങളുടെ വേദനയ്ക്കൊപ്പം നിൽക്കേണ്ടതുണ്ടെന്നും ഭരണഘടന അനുവദിച്ച സഞ്ചാര സ്വാതന്ത്ര്യം ജനങ്ങൾക്ക് നിഷേധിക്കപ്പെട്ടപ്പോൾ ചൂണ്ടിക്കാണിക്കേണ്ട കർത്തവ്യം തനിക്കുണ്ടെന്നും വിനു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തൻ്റെ പരാമർശത്തിൻ്റെ പൂർണ രൂപം അടങ്ങിയ വീഡിയോ ക്ലിപ്പുകളും ഇന്ന് വിനു പൊലീസിന് കൈമാറി. അതേസമയം, പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് പൊതുസമൂഹത്തിലും സാമൂഹിക മാധ്യമങ്ങളിലും ഉയരുന്നത്. ബിബിസിയിലെ ആദായ നികുതി വകുപ്പിൻ്റെ റെയ്ഡിനെതിരെ വലിയ വിമർശനം ഉന്നയിച്ച സിപിഎം നേതൃത്വത്തിൽ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
അതേസമയം വിനുവിനെതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് എത്തി. പണ്ട് ഏകാധിപതിയായ സര്‍ സിപി സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയോട് ചെയ്ത അതേ നിലപാട് ആണ് പിണറായി വിനുവിനെതിരെ സ്വീകരിച്ചതെന്ന് വിഡി സതീശൻ പറഞ്ഞു