ദില്ലി:ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ വീണ്ടും കേസെടുക്കാനൊരുങ്ങി സിബിഐ. സർക്കാർ ചെലവിൽ നിയമവിരുദ്ദമായി സമാന്തര അന്വേഷണ സംഘത്തെ ഉണ്ടാക്കിയതിനെതിരെ കേസെടുക്കാനാണ് ദില്ലി ലഫ് ഗവർണറോട് അനുമതി തേടിയത്. 2015ല്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിജിലൻസ് മേധാവിയായിരിക്കെയാണ് ദില്ലി എഎപി സർക്കാർ രഹസ്യ ഫീഡ്ബാക്ക് യൂണിറ്റ് സ്ഥാപിക്കുന്നത്. സപ്റ്റംബറിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പങ്കെടുത്ത മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്, 2016 ഫെബ്രുവരി 1 മുതൽ സംഘം പ്രവർത്തനം തുടങ്ങി. വ്യക്തികൾ സ്ഥാപനങ്ങൾ വിവിധ വകുപ്പുകൾ എന്നിവയുടെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിച്ച സംഘം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മാത്രമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
1 കോടി രൂപ സംഘത്തിന്‍റെ പ്രവർത്തനങ്ങൾക്കായി സർക്കാർ അനുവദിച്ചു. രഹസ്യ വിവരങ്ങൾ നൽകുന്നവർക്ക് ലക്ഷങ്ങൾ കൈമാറി. ഇതുവഴി 36 ലക്ഷത്തോളം രൂപ ഖജനാവിൽനിന്ന് നഷ്ടമായി. മറ്റ് ഏജൻസികളുടെ അധികാരങ്ങളെ മറികടന്ന് രാഷ്ട്രീയ ലക്ഷ്യത്തോടെ നിയമം ലംഘിച്ചായിരുന്നു സംഘത്തിന്‍റെ പ്രവർത്തനമെന്ന് സിബിഐ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. 8 മാസത്തിനിടെ 700 കേസുകളിൽ അന്വേഷണം നടത്തിയതിൽ 60 ശതമാനവും രാഷ്ട്രീയ താൽപര്യത്തോടെയുള്ള കേസുകളായിരുന്നുവെന്നും കണ്ടെത്തി. സിആർപിഎഫ് മുൻ ഡിഐജി, ഐബി മുൻ ഡെപ്യൂട്ടി ഡയറക്ടർ, റിട്ടേഡ് ഐആർഎസ് ഉദ്യോഗസ്ഥൻ മുതലായവരടക്കം 17 പേർ സംഘത്തിലുണ്ടായിരുന്നു. ദില്ലി പോലീസ് വിജിലൻസ് റിപ്പോട്ട് അടിസ്ഥാനമാക്കി 2 കേസുകളെടുക്കാൻ കേസെടുക്കാൻ കഴിഞ്ഞ മാസം 12നാണ് സിബിഐ ദില്ലി ലഫ് ഗവർണറോട് അനുമതി തേടിയത്. ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് നിർദേശം തേടിയിട്ടുണ്ട്.
അതിനിടെ ദില്ലി മദ്യനയ കേസിൽ ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്‍റെ മകളുമായ കവിതയുടെ മുൻ ചാർട്ടഡ് അക്കൗണ്ടിനെ ഹൈദരാബാദിൽനിന്നും അറസ്റ്റ് ചെയ്തു. ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്ക് വേണ്ടി ഇടപെട്ടെന്ന് കണ്ടെത്തിയ ബുട്ച്ചിബാബുവിനെയാണ് ഇഡി അറസ്റ്റ് ചെയ്തത്. പഞ്ചാബിൽ ആംആദ്മി നേതാക്കളുമായി അടുപ്പമുള്ള വ്യവസായി ഗൗതം മൽഹോത്രയെയും ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം കേന്ദ്ര ഏജൻസികൾ ഇതുവരെ തങ്ങൾക്കെതിരെയെടുത്ത 163 കേസുകളിൽ ഒന്നിന് പോലും തെളിവില്ലെന്ന് എഎപി പ്രതികരിച്ചു.