കോട്ടയം: എംജി സര്‍വകലാശാലയില്‍ നിന്ന് പേര് രേഖപ്പെടുത്താത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സര്‍വകലാശാല പരാതി നല്‍കി 10 ദിവസം പിന്നിട്ടിട്ടും കേസ് എടുക്കാതെ പൊലീസ്. അതേസമയം സര്‍വകലാശാല നടപടിയെടുത്ത ഉദ്യോഗസ്ഥരടക്കം ചിലരുടെ മൊഴി ഗാന്ധിനഗര്‍ പൊലീസ് രേഖപ്പെടുത്തി. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായെന്നും വൈകാതെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുളള നടപടികളിലേക്ക് കടക്കുമെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.
ഒന്നും രണ്ടുമല്ല. ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ 54 ഫോര്‍മാറ്റുകളാണ് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് കാണാതെ പോയത്. എപ്പോഴാണ് സര്‍ട്ടിഫിക്കറ്റുകള്‍ പോയതെന്നോ, ആരാണ് കൊണ്ടുപോയതെന്നോ ഉളള കാര്യം ഇപ്പോഴും അജ്ഞാതമായി തുടരുകയുമാണ്. സര്‍ട്ടിഫിക്കറ്റുകള്‍ കാണാതെ പോയ വിവരം പുറത്തു വന്നതിനു പിന്നാലെ ഉണ്ടായ ഭരണ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തിനപ്പുറം കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. പിഡി5 സെക്ഷന്‍റെ ചുമതലയുണ്ടായിരുന്ന സെക്ഷന്‍ ഓഫിസറെയും മുന്‍ സെക്ഷന്‍ ഓഫിസറെയും സസ്പെന്‍ഡ് ചെയ്ത് മുഖം രക്ഷിച്ച സര്‍വകലാശാല ജൂണ്‍ 21നാണ് ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെയുളള പ്രാഥമിക അന്വേഷണമാണ് പൊലീസ് ഇതുവരെയും നടത്തിയത്.
അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥരടക്കം പത്തിലേറെ പേരുടെ മൊഴി ഇതുവരെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ മൊഴികളിലൊന്നും സര്‍ട്ടിഫിക്കറ്റുകള്‍ എവിടേക്കു പോയി എന്ന കാര്യത്തില്‍ ഒരു സൂചനയും കിട്ടിയിട്ടില്ല. സര്‍വകലാശാലയിലാകെ പരിശോധന നടത്തിയിട്ടും ഈ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇവ പുറത്തേക്കു പോയതാകാം എന്ന അനുമാനം പൊലീസും പങ്കുവയ്ക്കുന്നുണ്ട്. പക്ഷേ ആര് കൊണ്ടുപോയി,എന്തിന് കൊണ്ടുപോയി എന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല.
അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടം മാത്രമാണ് പിന്നിട്ടതെന്നും രണ്ടാം ഘട്ട അന്വേഷണത്തില്‍ എല്ലാ സംശയങ്ങള്‍ക്കും വ്യക്തമായ ഉത്തരങ്ങള്‍ കിട്ടുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. പക്ഷേ സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെയാകെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു സംഭവത്തില്‍ അന്വേഷണത്തിന് ഈ വേഗം മതിയോ എന്ന ചോദ്യം ബാക്കിയാകുന്നു. യുക്തിരഹിതമായ പരാതികളില്‍ പോലും മുന്‍പിന്‍ നോക്കാതെ തിടുക്കപ്പെട്ട് കേസെടുക്കുന്ന പൊലീസ് ഇത്ര പ്രധാനമായൊരു പരാതിയില്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കേസെടുക്കാന്‍ വൈകുന്നതിലും സംശയങ്ങളേറെയാണ്.