ചന്ദനപ്പള്ളി: ആഗോള തീർത്ഥടന കേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിലെ ലോക പ്രവാസി കൂട്ടായ്മയുടെ സമരിറ്റൻ പ്രോജറ്റിന്റെ നേതൃത്വത്തിൽ ഭവന പദ്ധതി അംരംഭിച്ചു. ആദ്യ ഭവനത്തിന്റെ അടിസ്ഥാന ശിലാ സ്ഥാപന കർമ്മം ഇടവക വികാരി ഫാ. ഷിജു ജോൺ നിർവഹിച്ചു. അടിസ്ഥാന ശില മലങ്കര ഓർത്തഡോക്സ് സഭാ സീനിയർ വൈദീകനും ഇടവക അംഗവുമായ വെരി. റവ. കുര്യൻ വർഗ്ഗീസ് കോർ എപ്പിസ്കോപ്പ, ഫാ.ഡോ റിഞ്ചു പി കോശി എന്നിവർ ചേർന്ന് ആശീർവദിച്ചു.
ട്രസ്റ്റി റോയി വർഗ്ഗീസ്, സെക്രട്ടറി ബിജു ജോർജ്ജ്, ഇടവക മാനേജിങ് കമ്മിറ്റി, മുതിർന്ന സ്ഥാനികൾ, സംയുക്ത പ്രാർത്ഥനയോഗം ഭാരവാഹികൾ ,വിവിധ ആത്മീയ സംഘടനാ നേതാക്കൾ-പ്രവർത്തകർ, ഇടവക ജനങ്ങൾ, പ്രവാസി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്ത് വരുന്ന ചന്ദനപ്പള്ളി വലിയപള്ളിയിലെ പ്രവാസികൾ ചേർന്ന് രൂപീകരിച്ചതാണ് ലോക പ്രവാസി കൂട്ടായ്മ. ഇടവകയിലെയും സ്വഗ്രാമത്തിലെയും സാമൂഹ്യ കാരുണ്യ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാകുന്ന പദ്ധതിയാണ് ഈ വർഷം ആരംഭിച്ച “സമരിറ്റൻ പ്രോജക്ട്”. ഒട്ടേറെ സാമൂഹ്യ സേവന പ്രവർത്തനങ്ങളാണ് പ്രവാസി കൂട്ടായ്മ അംഗങ്ങൾ നാട്ടിലും പ്രവാസ ലോകത്തും നൽകിവരുന്നത്. ആഗോള തലത്തിലെ കൂട്ടായ്മ വഴി കൂടുതൽ സേവനങ്ങൾക്കായാണ് സംഘടന ഒരുങ്ങുന്നത്.
മുൻപ് സാമൂഹ്യ മാധ്യമമായ വാട്ട്സ് ആപ്പ് വഴി ഇടവക അംഗങ്ങളായ പ്രവാസികളെ ഒരുമിച്ചു ചേർത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് ഇത്തവണത്തെ ഇടവക പൊതുയോഗം അംഗീകാര വിധേയമാക്കി. ഇതാദ്യമായാണ് മലങ്കര ഓർത്തഡോക്സ് സഭയിലെ ഒരു ഇടവക പള്ളി ആത്മീയ സംഘടനാ ഭാഗമായി കണ്ട് പ്രവർത്തിക്കാൻ പ്രവാസി സമൂഹത്തിനു അംഗീകാരം നൽകുന്നത്.