Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവൈവിധ്യങ്ങളുടെ നാട് കണ്ട് എത്യോപ്യൻ - കോപ്പ്റ്റിക് സംഘം: ചന്ദനപ്പള്ളി വലിയപള്ളിയിൽ ഊഷ്മള സ്വീകരണം

വൈവിധ്യങ്ങളുടെ നാട് കണ്ട് എത്യോപ്യൻ – കോപ്പ്റ്റിക് സംഘം: ചന്ദനപ്പള്ളി വലിയപള്ളിയിൽ ഊഷ്മള സ്വീകരണം

പത്തനംതിട്ട: ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി വലിയ പള്ളിയിൽ എത്യോപ്യൻ-കോപ്റ്റിക് പ്രതിനിധി സംഘം സന്ദർശനം നടത്തി. സഭകൾ തമ്മിൽ സഹകരണം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി മലങ്കര ഓർത്തഡോക്സ് സഭയുടെ എക്യുമെനിക്കൽ ഡിപ്പാർട്ട്മെൻ്റിൻ്റെ ചുമതലയിലാണ് സന്ദർശനം ഏകോപിപ്പിച്ചത്.

ദൈവശാസ്ത്ര പഠനം, പരിശീലനം, ഗവേഷണം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ ഇരു സഭകളും തമ്മിൽ സഹകരണം വ്യാപിപ്പിക്കുന്നതിന്റെയും ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായുള്ള സന്ദർശനത്തിന് തെരഞ്ഞെടുക്കപ്പെട്ട ചന്ദനപ്പള്ളി വലിയപള്ളി തനത് ആചാരങ്ങൾ കൊണ്ടും പള്ളിയുടെ നിർമ്മാണ വൈവിദ്ധ്യം കൊണ്ടും ആഗോള പ്രശസ്തവും, വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിച്ച മലങ്കരയിലെ അപൂർവ്വം ദേവാലങ്ങളിൽ ഒന്നുമാണ്.

എഡി 34 സ്ഥാപിതമായ എത്യോപ്യൻ സഭയും, എഡി 52 സ്ഥാപിതമായ മലങ്കര സഭയും അപ്പോസ്തോലിക പിന്തുടർച്ചയും പാരമ്പര്യവും, സ്വയം ശീർഷകത്വവുമുള്ള സ്വതന്ത്ര സഭകളാണ് . ഇത്തരം സന്ദർശനം ആരാധനാ രീതി, ഇരു നാടിൻറെ സംസ്കാരങ്ങളേയും അടുത്ത് അറിയാനും കൂടാതെ പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ തമ്മിലുളള ഊഷ്മള ബന്ധം ഊട്ടിയുറപ്പിക്കാനും കഴിയുമെന്ന് എത്യോപ്യൻ പ്രതിനിധി സംഘത്തിലെ 21 വയസ്സുകാരിയായ ഫസീക്കാ ഗേറ്റാച്ചിയോ കബേഡി പറഞ്ഞു.. മുൻപ് എത്യോപ്യൻ സന്ദർശന വേളയിൽ അന്നത്തെ കാതോലിക്കയായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാബായും പരിശുദ്ധ ആബുനാ മത്ഥിയാസ് പാത്രിയർക്കീസ് ബാവായും ചേർന്ന് പരസ്പര സഹകരണത്തിനുള്ള ഉഭയകക്ഷി ഉടമ്പടിയിൽ ഒപ്പു വച്ചിരുന്നു. ഇതിന് ശേഷമാണ് ആരാധനാ സംബന്ധവും പഠന പരിശീലനത്തിനും മറ്റുമായി കൂടുതൽ വേദികൾ ഇരു സഭകളുടെയും എക്യുമെനിക്കൽ ഡിപ്പാർട്ട്മെന്റിന്റെ ചുമതലയിൽ ക്രമീകരിച്ച് വരുന്നത്.

മലങ്കര സഭയുടെ എക്യൂമെനിക്കൽ ഡിപ്പാർട്ട്മെന്റിന്റെ ചുമതലയുള്ള ഫാദർ ജിയോ മാത്യു കോട്ടയത്തിന്റെ നേതൃത്വത്തിലാണ് സംഘം ചന്ദനപ്പള്ളി വലിയപള്ളി സന്ദർശിച്ചത്.കൂടാതെ ജില്ലയിലെ തുമ്പമൺ, മാക്കാംകുന്ന് ദേവാലയങ്ങളിലും സന്ദർശനം നടത്തി.

ചന്ദനപ്പള്ളി വലിയ പള്ളിയിലെത്തിയ സംഘത്തെ പരമ്പരാഗത ചടങ്ങുകളോടെ സ്വീകരിച്ച് ആനയിച്ചു. പള്ളിയുടെ പ്രത്യേക ഉപഹാരങ്ങളും ചരിത്ര ഡോക്കുമെന്റ്സും വൈദീക സംഘം സന്ദർശകർക്ക് നൽകി ആദരിച്ചു.തുടർന്ന് ഇടവക ജനങ്ങളും വൈദികരുമായി പ്രതിനിധി സംഘം ആശയവിമയം നടത്തി. പള്ളിയും തിരുശേഷിപ്പ് കബറും സന്ദർശിച്ചു.

സ്വീകരണത്തിന് ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പാ , കുര്യൻ വർഗീസ് കോർ എപ്പിസ്കോപ്പാ, വികാരി ഫാദർ ഷിജു ജോൺ, അസിസ്റ്റൻറ് വികാരി ഫാ. ജോം മാത്യു, ട്രസ്റ്റി കെ എസ് തങ്കച്ചൻ, സെക്രട്ടറി പി ഡി ബേബിക്കുട്ടി, റോയി വർഗീസ്, മനോജ് ചന്ദനപ്പള്ളി,ബിജു ജോർജ്ജ്, ഹന്ന എലിസബത്ത് ടോമി,ഷെയിൻ ജസ്റ്റസ് എന്നിവർ നേതൃത്വം നൽകി.എത്യോപ്യൻ സഭാംഗങ്ങളുടെ പ്രത്യേക ആരാധന ശുശ്രൂഷയും ഇതോടനുബന്ധിച്ച് നടന്നു.പ്രതിനിധി സംഘം രാത്രി നമസ്കാരത്തിലും അത്താഴ വിരുന്നിലും സംബന്ധിച്ചു മടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments