ഡല്‍ഹി: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ–3ന്റെ വിക്ഷേപണം പ്രഖ്യാപിച്ചു. ജൂലൈ 13ന് ഉച്ചയ്ക്ക് 2.30നാണ് വിക്ഷേപണം. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ചന്ദ്രയാൻ–3 വിക്ഷേപിക്കുക. ലോഞ്ച് വെഹിക്കിൾ മാർക്ക്–3 (എൽ.വി.എം-3) റോക്കറ്റ് ഉപയോഗിച്ചാണ് ചാന്ദ്രയാന്‍-3 വിക്ഷേപിക്കുക.
2019ലായിരുന്നു ചന്ദ്രയാൻ- 2 വിക്ഷേപണം. പക്ഷെ ചന്ദ്രനിൽ ലാൻഡറും റോവറും ഇറക്കാനായില്ല. ചന്ദ്രയാൻ- 2ൽ നിന്നു വ്യത്യസ്തമായി പുതിയ ദൗത്യത്തിൽ ഉപഗ്രഹമില്ല. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് ആണ് ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ലക്ഷ്യം. പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡർ, റോവർ എന്നിവ അടങ്ങുന്നതാണ് ദൗത്യം. ഭൂമിയിൽ നിന്ന് പുറപ്പെട്ട് 40 ദിവസത്തിന് ശേഷമായിരിക്കും ലാൻഡിങ്.
കഴിഞ്ഞ ചന്ദ്രയാന്‍ ദൌത്യത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ലാൻഡർ വികസിപ്പിച്ചിരിക്കുന്നത്. ദൗത്യത്തിന്റെ വിജയ സാധ്യതയെക്കുറിച്ച് ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥർ ശുഭാപ്തിവിശ്വാസത്തിലാണ്. 615 കോടി രൂപയാണ് ചന്ദ്രയാന്‍ മിഷന്‍റെ ബജറ്റ്.
സൂര്യനെ കുറിച്ച് പഠിക്കാനുള്ള ആദിത്യ എൽ 1 ദൗത്യം ആഗസ്തില്‍ വിക്ഷേപിക്കും. ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ ക്രൂ എസ്കേപ്പ് സിസ്റ്റം പരീക്ഷണവും ഈ വർഷം തന്നെ പൂർത്തിയാക്കുകയാണ് ലക്ഷ്യം.