തിരുവനന്തപുരം : യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടിച്ചതാണെന്ന് ആരോപണം. സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഇതു സംബന്ധിച്ച് ഇന്നു തെളിവുസഹിതം കേരള സർവകലാശാല വൈസ് ചാൻസലർക്കു പരാതി നൽകും.
2010 ഒക്ടോബർ 17 നു ‘ബോധി കോമൺസ്’ എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച ‘ദ് മൈൻഡ് സ്പേയ്സ് ഓഫ് മെയിൻ സ്ട്രീം മലയാളം സിനിമ’ എന്ന ലേഖനത്തിലെ ആശയം ചിന്ത തന്റെ പ്രബന്ധത്തിൽ അതേപടി പകർത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രഹ്മപ്രകാശ് എന്നു പേരുള്ള ആൾ എഴുതിയ ലേഖനത്തിൽ ‘വാഴക്കുല’യുടെ രചയിതാവിന്റെ പേര് ‘വൈലോപ്പിള്ളി’ എന്ന് തെറ്റായാണ് ചേർത്തിരിക്കുന്നത്. ഈ ഭാഗം അതേപടി ചിന്തയുടെ പ്രബന്ധത്തിലുമുണ്ട്. ‘വൈലോപ്പള്ളി’ എന്ന് അക്ഷരത്തെറ്റോടെയാണ് പേരു കുറിച്ചിരിക്കുന്നത്.
പ്രിയദർശന്റെയും രഞ്ജിത്തിന്റെയും സിനിമകളിലെ ജാതി, വർഗ, രാഷ്ട്രീയ തലങ്ങൾ ചർച്ച ചെയ്യുന്നതാണ് ‘ബോധി കോമൺസി’ൽ വന്ന ബ്രഹ്മപ്രകാശിന്റെ ലേഖനം. ചിന്താ ജെറോമിന്റെ പ്രബന്ധവും ഇതിനു സമാനമാണ്. ലേഖനത്തിൽ ‘ആര്യൻ’ എന്ന സിനിമയിലെ സംഭാഷണത്തെ സൂചിപ്പിക്കുന്ന ഭാഗത്താണ് ചങ്ങമ്പുഴയ്ക്കു പകരമായി വാഴക്കുലയുടെ രചയിതാവായി വൈലോപ്പിള്ളിയെ രേഖപ്പെടുത്തിയിരിക്കുന്നത്.
കേരള സർവകലാശാല പ്രോ വൈസ് ചാൻസലറായിരുന്ന ഡോ. അജയകുമാറിന്റെ മേൽനോട്ടത്തിലാണ് ചിന്ത ഗവേഷണ പ്രബന്ധം സമർപ്പിച്ചത്. 2021 ൽ സർവകലാശാല ഇതിന് പിഎച്ച്ഡി നൽകുകയായിരുന്നു. ഗവേഷണ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പരാതിയും സർവകലാശാലയ്ക്കു മുന്നിലുണ്ട്.