സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിൽ മരണം 97 കടന്നു. ഏറ്റുമുട്ടൽ മൂന്നാം ദിനത്തിലേക്ക് എത്തിനിൽക്കുമ്പോൾ സുഡാനിലെ അന്തരീക്ഷം സംഘർഷഭരിതമാണ്. ഏറ്റുമുട്ടലിൽ പരിക്കേറ്റവരുടെ എണ്ണം 1000 കവിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. സുഡാന്റെ സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാനും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ കമാണ്ടറും സഹ മേധാവിയുമായ മുഹമ്മദ് ഹംദാൻ ഡാഗ്ലോയും തമ്മിൽ ആഴ്ചകളോളം നീണ്ട അധികാരത്തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
സുഡാന്റെ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെ സൈന്യം വിമത ഗ്രൂപ്പാക്കി പ്രഖ്യാപിക്കുകയും പിരിച്ചുവിട്ടതായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. സുഡാന്റെ പടിഞ്ഞാറുള്ള ഡാർഫൂർ മേഖലയിലും കിഴക്കൻ അതിർത്തി സംസ്ഥാനമായ കസാലയിലും പോരാട്ടം രൂക്ഷമാണ്.
എന്നാൽ, ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവരുടെ എണ്ണം മാത്രമാണ് കയ്യിൽ ഉള്ളതെന്നും സംഘർഷം മൂലം പുറത്തിറങ്ങാതിരിക്കുന്നവരുടെ എണ്ണം വളരെയധികം കൂടുതലാണെന്നും സുഡാനിലെ ആശുപത്രി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. 2021ൽ അബ്ദുൽ ബുർഹാനും മുഹമ്മദ് ഡാഗ്ലോയും ചേർന്നാണ് സുഡാനിൽ സൈനിക അട്ടിമറിക്ക് നേതൃത്വം കൊടുത്തത്. തുടർന്ന്, റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെ സൈന്യത്തിലേക്ക് ലയിപ്പിക്കാനുള്ള കരാറിലെ അഭിപ്രായവ്യത്യാസമാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്. 2019-ൽ പ്രസിഡന്റ് ഒമർ അൽ-ബഷീറിനെ സൈനിക അട്ടിമറിയിലൂടെ സുഡാൻ ഭരണത്തിൽ നിന്നും പുറത്താക്കിയത്.
ഇതിനിടെ സുഡാൻ വെടിവെപ്പിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയോടെയാണ് ആംബുലൻസ് എത്തിച്ച് മൃതദേഹം മാറ്റിയത്. 24 മണിക്കൂറിനു ശേഷമാണ് നടപടി. കൊല്ലപ്പെട്ട ആൽബർട്ടിന്റെ ഭാര്യ, മകൾ എന്നിവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശിയും വിമുക്തഭടനുമായ ആൽബർട്ട് അഗസ്റ്റിനാണ് സുഡാനിൽ കൊല്ലപ്പെട്ടത്. തലസ്ഥാനമായ ഖാർത്തൂമിൽ ഫ്‌ലാറ്റിന്റെ ജനലരികിൽ നിന്ന് കാനഡയിൽ വിദ്യാർത്ഥിയായ മകനുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് ആൽബർട്ടിന് വെടിയേറ്റതെന്ന് ഭാര്യ സൈബല്ല വീട്ടുകാരെ അറിയിച്ചു. രണ്ട് ആഴ്ച മുൻപാണ് ഭാര്യ സൈബല്ലയും 9ആം ക്ലാസ് വിദ്യാർത്ഥിനിയായ മകളും സുഡാനിലെത്തിയത്.