കോഴഞ്ചേരി: വരുന്ന തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് ഒരു പ്രമുഖന് ബിജെപിയിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി. ആറന്മുളയില് സിപിഐഎം കോഴഞ്ചേരി ഏരിയാ കമ്മിറ്റിയുടെ പുതിയ ഓഫീസ് മന്ദിരമായ വിഎസ് ചന്ദ്രശേഖരപിള്ള സ്മാരകം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപിയെ നേരിടാന്‍ തക്കവണ്ണം ഒരു രാഷ്ട്രീയ ശക്തിയായി ഉയര്‍ന്ന് വരാന്‍ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘ആവശ്യമെങ്കില്‍ ബിജെപിയിലേക്ക് പോകും എന്നു പറയുന്ന ഒരു കെപിസിസി അധ്യക്ഷനാണ് ആ പാര്‍ട്ടിക്ക് ഉള്ളത്. കോണ്‍ഗ്രസിന്റെ പല പ്രമുഖ നേതാക്കളും ഇപ്പോള്‍ ബിജെപിയിലേക്ക് കൂടുമാറി കഴിഞ്ഞു. ബിജെപി ഇനിയും ഭരിച്ചാല്‍ രാജ്യത്തിന് വിനാശമാകുമെന്ന് കരുതുന്നവരുടെ കൂട്ടായ്മ ഉണ്ടാകണം. കേരളത്തെ സാമ്പത്തികമായി ഞെരുക്കി ശ്വസം മുട്ടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ ജനവികാരം ഉയരും. ഇതിന് തുടക്കമിട്ട് കൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ ജാഥ നടത്തും.’ മുഖ്യമന്ത്രി പറഞ്ഞു.
ആറന്മുള എന്‍ജിനീയറിങ് കോളേജ് മൈതാനത്ത് ചേര്‍ന്ന സമ്മേളനത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, മന്ത്രി വീണാ ജോര്‍ജ്ജ് , സംസ്ഥാന കമ്മിറ്റിയംഗം രാജു എബ്രഹാം തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഏരിയ സെക്രട്ടറി ടി വി സ്റ്റാലിന് പള്ളിയോടത്തിന്റെ മാതൃക മുഖ്യമന്ത്രിക്ക് സമ്മാനിച്ചു