കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കുന്നത് ചാവേര്‍ സംഘം തന്നെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ ചാടി മരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇത് തടയാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സിപിഐഎം ജാഥയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ആരും ജാഥയില്‍ നിന്ന് വിട്ടുനില്‍ക്കുന്നില്ല. ഇ പി ജയരാജന്‍ പങ്കെടുക്കും. സര്‍ക്കാരിനെ നിലനിര്‍ത്തണം, തകര്‍ക്കാനുള്ള ശ്രമങ്ങള്‍ പ്രതിരോധിക്കണം തുടങ്ങിയവയാണ് ജാഥയുടെ പ്രധാനലക്ഷ്യമെന്നും സിപിഐഎം സെക്രട്ടറി പ്രതികരിച്ചു.
കണ്ണൂരില്‍ ആര്‍എസ്എസ്- സിപിഐഎം ചര്‍ച്ചയില്‍ രഹസ്യമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ചര്‍ച്ചയില്‍ ഒരു ഒളിച്ചുകളിയും ഉണ്ടായിട്ടില്ല. അന്നത്തെ ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ത്തിയത് കണ്ണൂരില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കണം എന്നത് മാത്രമാണ്. രഹസ്യമായ ചര്‍ച്ച ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയ എം വി ഗോവിന്ദന്‍ യുഡിഎഫിന്റെ വര്‍ഗീയതയോടുള്ള നിലപാടാണ് പ്രശ്‌നമെന്നും പറഞ്ഞു.
കേന്ദ്രമന്ത്രി സ്വര്‍ണക്കടത്തു സംഘത്തിന്റെ വാഹനത്തില്‍ സഞ്ചരിച്ച വിഷയത്തില്‍, ഭരണ വര്‍ഗത്തിന്റെ പിന്തുണയില്ലാതെ ഒരു സ്വര്‍ണക്കടത്തും നടക്കില്ലെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. കേന്ദ്രം സെസ് കൂട്ടിയത് അദാനിക്കും അംബാനിക്കും നല്‍കാനാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.