കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെ തുടർന്നുള്ള വിഷപ്പുകയിൽ കൊച്ചി നിവാസികൾ പത്ത് ദിവസത്തോളമായി വീർപ്പുമുട്ടുകയാണ്. പുക നിയന്ത്രിക്കാൻ എത്രനാൾ വേണമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാനാകാൻ സർക്കാരിനായിട്ടില്ല. മാലിന്യമലയ്ക്കു തീപിടിച്ച് ഒൻപതു ദിവസം പിന്നിട്ടപ്പോഴാണ് ബ്രഹ്മപുരം പ്ലാന്റിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാരെത്തിയത്. പുക കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന ഐഎംഎ അടക്കം മുന്നറിയിപ്പ് നൽകിയിരിക്കെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ 2019-ൽ നടത്തിയ സ്വിറ്റ്സർലൻഡ് സന്ദർശനം സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുകയാണ്.
ജനീവയിലേയും ബേണിലേയും മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ മുഖ്യമന്ത്രിയും അന്നത്തെ ചീഫ് സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും സന്ദർശനം നടത്തിയിരുന്നു. ഇവിടങ്ങളിലെ മാലിന്യ സംസ്കരണത്തിന്റെ വിവിധ ഘട്ടങ്ങൾ അദ്ദേഹം നേരിട്ടു കണ്ടു മനസ്സിലാക്കിയെന്നുള്ള മുഖ്യമന്ത്രി അന്നത്തെ ഫെയ്സ്ബുക്ക് പോസ്റ്റാണ് വീണ്ടും ഉയർന്നുവന്നിരിക്കുന്നത്.
സ്വിറ്റ്സർലൻഡിലെ മാലിന്യസംസ്കരണ പ്ലാന്റ് സന്ദർശിച്ച് പഠിച്ച് നാല് വർഷം പിന്നിട്ടിട്ടും കേരളത്തിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ എന്തുകൊണ്ട് പറ്റിയില്ലെന്ന ചോദ്യങ്ങളാണ് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ ഉയരുന്നത്. സ്വിസ് സന്ദർശനത്തിൽ അന്നത്തെ ചീഫ് സെക്രട്ടറി ടോംജോസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
താൻ നടത്തുന്ന വിദേശ സന്ദർശനങ്ങളെല്ലാം സംസ്ഥാനത്തിന്റെ നേട്ടങ്ങൾക്കാണെന്നാണ് ഇതുസംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങളിൽ മുഖ്യമന്ത്രി പ്രതികരിക്കാറുള്ളതെന്നും പ്രതിഷേധക്കാർ ഓർമപ്പെടുത്തുന്നുണ്ട്.
ആമസോൺ കാട്ടുതീയിൽ ഡൽഹിയിലെ ബ്രസീൽ എംബസിക്ക് മുന്നിൽ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധക്കാർ ഓർമപ്പെടുത്തുന്നുണ്ട്. ആമസോൺ വനാന്തരങ്ങളിൽ പടർന്നുപിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കാൻ തയ്യാറാവാത്ത ബ്രസീലിയൻ സർക്കാരിനെതിരെ ഡൽഹിയിലെ ബ്രസീൽ എംബസിക്ക് മുന്നിലായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം നടത്തിയിരുന്നത്.