കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പൊലീസ് ആത്മാർത്ഥതയോടെ പ്രവർത്തിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിനെ വെറുതെ കുറ്റപ്പെടുത്തുന്നു. നീക്കം രാഷ്ട്രീയപ്രേരിതമാണ്. ചുരുങ്ങിയ ദിവസം കൊണ്ട് പ്രതികളെപിടികൂടി.
നവകേരള സദസിന്റെ ഭാഗമായി പാലക്കാട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സാധാരണ നടക്കാത്ത ഒരു സംഭവമാണ് കേരളത്തിൽ നടന്നത്. അതിൽ മികവോടെയാണ് പൊലീസ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.മാധ്യമങ്ങളും നന്നായി പ്രവർത്തിച്ചു.
രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി പലരും പൊലീസ് സ്റ്റേഷൻ ഉപരോധിക്കാൻ തന്നെ തയാറായി. സംസ്ഥാന പൊലീസ് അന്വേഷണമികവും ക്രമസമാധാന പാലനവും രാജ്യത്ത് തന്നെ ശ്രദ്ധേയമാണ്. എകെജി സെൻ്റർ ആക്രമണത്തിൽ പ്രതികളെ പിടിക്കാത്തതിന്നെതിരെ വിമർശനം വന്നു.
ഒടുവിൽ യുത്ത് കോൺഗ്രസ് പ്രസിഡൻറിനെ പിടികൂടി. അപ്പോൾ നേരത്തെ പ്രചാരണം നടത്തിയവരൊക്കെ നിശബ്ദത പാലിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവം, ഇലന്തൂർ നരബലി, ട്രെയിൻ കത്തിക്കൽ കേസ് എന്നിങ്ങനെ ശ്രമകരമായ എല്ലാ കേസുകളും പൊലീസിന്റെ മികവുകൊണ്ട് തെളിയിക്കാനായി. കൊല്ലത്ത് നടന്ന സംഭവത്തിൽ മാധ്യമങ്ങൾ നല്ല ജാഗ്രതയോടെ പ്രവർത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.